മസ്‌കറ്റ് : കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നടന്ന അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഫൈനലിൽ ഇന്ത്യ നേടിയ മിന്നും വിജയത്തിന് പിന്നിൽ ഒരച്ഛന്റെയും മകന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കായി മസ്‌കറ്റിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക് മാറിയ പൂർണ്ണ ചന്ദ്ര റാവു എന്ന പിതാവിന്റെ ത്യാഗത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടം. അവസാന പന്തിൽ മോഹിത് ഉൽവ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മറുവശത്ത് ഉറച്ചുനിന്നത് പൂർണ്ണയുടെ മകൻ വെങ്കിടായിരുന്നു.

To advertise here,

അൽ അമിറാത്ത് ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ ആശങ്കപ്പെട്ട നിർണ്ണായക നിമിഷത്തിലായിരുന്നു ആ പോരാട്ടം. ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണുകൊണ്ടിരുന്നപ്പോൾ, മോഹിത് ഉൽവയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നത് ഒരു ബൗളറായിരുന്നു. രണ്ട് ഫോറുകൾ ഉൾപ്പെടെ 11 റൺസ് നേടി എതിരാളികൾക്കും ആശങ്കപ്പെട്ടവർക്കും മറുപടി നൽകിയ ആ താരം, മസ്‌കറ്റിന്റെ മണ്ണിൽ കളിച്ചുവളർന്ന ചിഗുരുപാട്ടി വെങ്കട നാഗ വിജയ സുഭാഷ് ആയിരുന്നു. ഇരുവരുടെയും നിർണ്ണായക കൂട്ടുകെട്ടിനൊടുവിൽ അവസാന പന്തിൽ മോഹിത് ഉൽവ നേടിയ ബൗണ്ടറി ഇന്ത്യയ്ക്ക് അഭിമാന വിജയം സമ്മാനിച്ചു.

2016 മുതൽ മസ്‌കറ്റിലുണ്ടായിരുന്ന പൂർണ്ണചന്ദ്ര റാവുവിന്റെ മകൻ വെങ്കിട്ട്, പന്ത്രണ്ടാം വയസ്സിലാണ് ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബിൽ ചേരുന്നത്. അന്ന് ഇന്ത്യൻ സ്‌കൂൾ സീബിലെ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം അൽ ഹെയ്ൽ അക്കാദമിയിലും ബോഷർ സ്‌പോർട്‌സ് സെന്ററിലുമായാണ് പരിശീലനം നടത്തിയത്.

ഒമാനിലെ കടുത്ത ചൂടിൽ മകന്റെ ഭാരമേറിയ ക്രിക്കറ്റ് കിറ്റും ചുമന്ന് ഗ്രൗണ്ടിലേക്ക് നടന്നിരുന്ന പൂർണ്ണയുടെ അർപ്പണബോധമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വെങ്കിടിന്റെ പഴയ ക്ലബ്ബ് സഹതാരങ്ങളായ ഫാസിൽ, മോഹ്സിൻ, ബിലാൽ, ഗോപകുമാർ, നൗഫൽ, വിനോദ്, സനോജ്, സജീവ് എന്നിവർ മാതൃഭൂമി ന്യൂസിനോട് പങ്കുവെച്ചു.

സ്വകാര്യ കമ്പനിയിലെ പ്രൊഡക്റ്റ് മാനേജർ എന്ന മികച്ച ജോലി രാജിവെച്ചാണ് മകന്റെ ക്രിക്കറ്റ് ഭാവി മുൻനിർത്തി പൂർണ്ണ ഗോവയിലേക്ക് താമസം മാറിയത്. മകനിലെ പ്രതിഭ തിരിച്ചറിഞ്ഞ് 2021-ൽ അദ്ദേഹം എടുത്ത ആ വലിയ തീരുമാനമാണ് അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് നിർണ്ണായക കരുത്തായത്.