മസ്‌കറ്റ്: ഒമാനിലെ പ്രശസ്തമായ ടൂറിസം-പരിസ്ഥിതി സംരക്ഷിത മേഖലയായ റാസ് അൽ ഹദ്ദിൽ കടലാമയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടികളുമായി പരിസ്ഥിതി അതോറിറ്റി. യാതൊരുവിധ ഔദ്യോഗിക അനുമതിയും ഇല്ലാതെയണ് ഇയാൾ രാത്രികാലങ്ങളിൽ റാസ് അൽ ഹദ്ദിലെ സംരക്ഷിത മേഖലയിൽ പ്രവേശിച്ചതെന്ന് ദക്ഷിണ ശർഖിയ ഗവർണറേറ്റ് എൻവയോൺമെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നിസാർ ബിൻ സലീം അൽ ഫന്ന അൽ അറയിമി വ്യക്തമാക്കി.

To advertise here,

വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് ഇയാൾക്ക് രണ്ട് ഗൗരവകരമായ ലംഘനങ്ങൾക്ക് പിഴ ചുമത്തുകയും, തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അതോറിറ്റി ഉടൻ തന്നെ സംഭവത്തിൽ ഇടപെടുകയായിരുന്നു.

വന്യജീവി സംരക്ഷിത മേഖലകളിലേക്കോ പാരിസ്ഥിതിക പ്രാധാന്യമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കുന്നതിന് മുൻപ് സന്ദർശകർ അവിടത്തെ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മൃഗങ്ങൾക്കോ വന്യജീവികൾക്കോ ഭീഷണിയോ ശല്യമോ ഉണ്ടാക്കാതെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് എല്ലാവരും തയ്യാറാകേണ്ടതെന്നും, ഇത്തരം ലംഘനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.