മസ്‌കറ്റ് : ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് സംഘടിപ്പിച്ച ദ്വിദിന 'ഗ്ലോബൽ എജ്യുക്കേഷൻ കോൺക്ലേവ്- ഒമാൻ 2026' മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. നവംബർ 18, 19 തീയതികളിലായി നടന്ന സമ്മേളനത്തിൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്തു.

To advertise here,

'പ്രാദേശിക മികവ്, ആഗോള കാഴ്ചപ്പാട്' (Regional Excellence, Global Vision) എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച സമ്മേളനം നവംബർ 18-ന് ദുബായ് സി.ബി.എസ്.ഇ സെന്റർ ഓഫ് എക്‌സലൻസ് ഡയറക്ടർ ഡോ. രാം ശങ്കർ ഉദ്ഘാടനം ചെയ്തു. ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ പ്രൈവറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ജനറൽ മഹ്ഫൂദ മുബാറക് അൽ അറൈമി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജസ് ഡയറക്ടർ ജനറൽ ഡോ. മറിയം അൽ നബ്ഹാനി, പ്രോഗ്രാംസ് ആൻഡ് ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മഹ്‌മൂദ് മുഹമ്മദ് ഹാരിസ് അൽ അബ്രി, ഇന്റർനാഷണൽ സ്‌കൂൾസ് അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കൗസർ ബിൻത് ഖലീഫ അൽ സുലൈമാനി എന്നിവരും മറ്റ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ചടങ്ങിൽ സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. ഡോ. ഉഗൂർ ഗുവെൻ, ക്രെയ്ഗ് വില്യംസൺ, പ്രൊഫ. സയ്യിദ് അഹ്സൻ ജമീൽ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സ്‌കൂൾ നേതൃത്വത്തെക്കുറിച്ച് ഹുസൈൻ അൽ ലവാത്തിയും സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ഭാവിയെക്കുറിച്ച് പ്രൊഫ. സായ് സുന്ദരകൃഷ്ണയും ക്ലാസുകൾ നയിച്ചു. എ.ഐ, ലീഡർഷിപ്പ്, ഇൻക്ലൂസീവ് എജ്യുക്കേഷൻ, മൂല്യനിർണ്ണയ പരിഷ്‌കാരങ്ങൾ, അധ്യാപകരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലകളും പാനൽ ചർച്ചകളും നടന്നു.

ഒമാനിലെ വിദ്യാഭ്യാസരംഗത്ത് അമ്പത് വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബോർഡ്, ആഗോളതലത്തിലുള്ള മികച്ച രീതികളും നൂതന സാങ്കേതികവിദ്യകളും പ്രാദേശിക മൂല്യങ്ങളുമായി സമന്വയിപ്പിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ പറഞ്ഞു. അധ്യാപകരുടെ പ്രൊഫഷണൽ വളർച്ചയ്ക്കും കൂട്ടായ മുന്നേറ്റത്തിനും കോൺക്ലേവ് മികച്ച വേദിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപന സമ്മേളനത്തിൽ പങ്കജ് കിംജി മുഖ്യാതിഥിയായിരുന്നു. അഞ്ഞൂറിലധികം അധ്യാപകരെ ഒരേ വേദിയിൽ അണിനിരത്തിയ ബോർഡിന്റെ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും അധ്യാപകരുടെ തുടർപരിശീലനത്തിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച വിദ്യാഭ്യാസ മന്ത്രാലയം, വിശിഷ്ടാതിഥികൾ, പ്രഭാഷകർ, അധ്യാപകർ, സ്‌പോൺസർമാർ എന്നിവർക്ക് ഡയറക്ടർ ബോർഡ് നന്ദി രേഖപ്പെടുത്തി. 'ഒമാൻ വിഷൻ 2040' വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പരിവർത്തനത്തിന് കരുത്തുപകരുന്ന രീതിയിൽ അധ്യാപകരെ ശാക്തീകരിക്കാനും വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജരാക്കാനുമുള്ള പുതുക്കിയ പ്രതിജ്ഞയോടെയാണ് ദ്വിദിന കോൺക്ലേവിന് തിരശ്ശീല വീണത്.