മസ്‌കറ്റ്: ഇന്ത്യൻ സയൻസ് ഫോറം (ഐ.എസ്.എഫ്) ഒമാനിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള ഏഴ് വിദ്യാർഥികളെ 2026-ലെ ശാസ്ത്ര പ്രതിഭകളായി പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 16-ന് ഓൺലൈനായി നടത്തിയ മത്സരത്തിലൂടെയാണ് പ്രതിഭകളെ തിരഞ്ഞെടുത്തത്. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ജിജ്ഞാസയും വളർത്തുന്നതിനും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്.

To advertise here,

അഞ്ചാം ക്ലാസ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീറിലെ ജഗ്വി ഗണേഷ് ഷെട്ടിയും ആറാം ക്ലാസ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഇബ്രിയിലെ യശോവർധൻ മിശ്രയും ജേതാക്കളായി.ഏഴാം ക്ലാസ് വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ബൗഷറിലെ ആയുഷ് ത്രിവേദിയും ഇന്ത്യൻ സ്‌കൂൾ ഇബ്രിയിലെ നബീല മുർതുസയും ഒന്നാം സ്ഥാനം പങ്കിട്ടു.എട്ട്, ഒൻപത് ക്ലാസുകളിലെ കിരീടങ്ങൾ ഇന്ത്യൻ സ്‌കൂൾ ബൗഷറിലെ വിദ്യാർഥികളായ രൂപവർധിനി വീരമണിയും അനിക അഭിനവ് കുമാറും യഥാക്രമം കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്രയിലെ നൈഷ പഹൂജയാണ് പത്താം ക്ലാസ് വിഭാഗത്തിലെ ജേതാവ്.

വിജയികളെ ഉടൻ തന്നെ ഉചിതമായ ചടങ്ങിൽ ആദരിക്കുമെന്ന് ഐ.എസ്.എഫ് സംഘാടക സമിതി അറിയിച്ചു. ജേതാക്കളെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും ഫോറം അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, സ്‌കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ഫോറം നന്ദി രേഖപ്പെടുത്തി.

ഓണററി ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ജനറൽ സെക്രട്ടറി സുരേഷ് അക്കമ്മാടത്തിൽ, ജനറൽ കോർഡിനേറ്റർ ലത ശ്രീജിത്ത്, ട്രഷറർ ഗാന്ധിരാജ്, പ്രോഗ്രാം കോർഡിനേറ്റർ ഹാല പി. ജമാൽ എന്നിവരടങ്ങുന്ന ഐ.എസ്.എഫ് ഭാരവാഹികളാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.