മസ്‌കറ്റ്: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലായി മസ്‌കറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സസ്‌നേഹം കോഴിക്കോട് സീസൺ 3' സമാപിച്ചു. മബേല അൽഷാദി ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നാലായിരത്തോളം പേർ പങ്കെടുത്തു.

To advertise here,

ജില്ലാ പ്രസിഡന്റ് അഷ്റഫ് നാദാപുരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മസ്‌കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എം എൽ എ അഡ്വ. ഫാത്തിമ തഹ്ലിയ മുഖ്യാതിഥിയായി പങ്കെടുത്തു.

ഒമാനിലെ പ്രമുഖ ടീമുകൾ മാറ്റുരച്ച ഫുട്‌ബോൾ ടൂർണമെന്റിന്റെ കിക്ക് ഓഫ് എം.കെ മുൻസിർ നിർവഹിച്ചു. മത്സരത്തിൽ ടോപ്‌ടെൻ ബർക ജേതാക്കളായി. യുണൈറ്റഡ് കേരള എഫ്‌സി, മസ്‌കറ്റ് ഹമ്മേഴ്സ് എഫ്‌സി, കുമിൻ മഞ്ഞപ്പട എഫ്‌സി എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായി ടോപ്‌ടെൻ ബർകയുടെ ദിൽഷാദും ടോപ് സ്‌കോററായി ആന്റണിയും ബെസ്റ്റ് ഡിഫൻഡറായി മിഥിലാജും ബെസ്റ്റ് ഗോൾകീപ്പറായി അജുവും ബെസ്റ്റ് ടീം മാനേജരായി അഫ്താബും വ്യക്തിഗത അവാർഡുകൾ കരസ്ഥമാക്കി.

കുറ്റിച്ചിറ, മാനഞ്ചിറ, മിശ്കാൽ പള്ളി, കോഴിക്കോട് ബീച്ച് തുടങ്ങിയ ചരിത്രമുദ്രകൾ കൈകളിൽ മൈലാഞ്ചിയാൽ വിരിഞ്ഞ 'മൊഞ്ചുള്ള കോഴിക്കോട്' മെഹന്ദി ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. മത്സരത്തിൽ ഷിബിൻ ഒന്നാം സ്ഥാനവും നസീറ, ബഹജ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

പ്രശസ്ത ഗായകൻ ആദിൽ അത്തു, ഫിസ്ര അത്തു, സഫീർ കുറ്റ്യാടി എന്നിവർ നയിച്ച 'ദിൽസേ കോഴിക്കോട്' ഇശൽ നൈറ്റും ഒപ്പന, കരാട്ടെ പ്രദർശനങ്ങളും പരിപാടിയിൽ അരങ്ങേരി.

വ്യവസായി മമ്മൂട്ടി, ഡോ. ഉബൈദ്, മർവ ഉബൈദ്, എം.ടി അബൂബക്കർ, ഹമീദ് ബർക, റസാക് പേരാമ്പ്ര എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പി.എ.വി അബൂബക്കർ, ഖാലിദ് കുന്നുമ്മൽ, കരീം പേരാമ്പ്ര, മുജീബ് മുക്കം, സി.കെ.വി റാഫി , ഫിറോസ് ഹസ്സൻ, അഹമ്മദ് വാണിമേൽ, ടി.പി മജീദ് ,എസ്.വി അറഫാത്ത് , റംഷാദ് താമരശ്ശേരി, ഷാഫി ബേപ്പൂർ എന്നിവർ സംസാരിച്ചു.. ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും അഷ്റഫ് പൊയ്ക്കര നന്ദിയും പറഞ്ഞു.