മസ്‌കറ്റ്: നികുതി റീഫണ്ട് ലഭിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ നികുതി അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നികുതി റീഫണ്ട് അപേക്ഷകൾ അംഗീകരിച്ചതായും, സന്ദേശത്തോടൊപ്പമുള്ള വെബ്സൈറ്റ് ലിങ്ക് വഴി 48 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണമെന്നുമാണ് തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങളിൽ പറയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ റീഫണ്ട് നഷ്ടമാകുമെന്നും സന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

To advertise here,

ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഉപഭോക്താക്കളുടെ രഹസ്യ ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയുമാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. *taxoman.gov.om* ആണ് തങ്ങളുടെ ഏക ഔദ്യോഗിക വെബ് സൈറ്റെന്ന് വ്യക്തമാക്കിയ നികുതി അതോറിറ്റി, റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അഭ്യർത്ഥിച്ചു.

അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിലെ ഇലക്ട്രോണിക് ലിങ്കുകൾ തുറക്കരുതെന്നും, വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അബദ്ധത്തിൽ ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുകയോ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തവർ ഉടൻ തന്നെ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ *24685000* എന്ന ഹോട്ട്ലൈൻ നമ്പറിലോ, റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ *80077444* എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.