മസ്‌കറ്റ്: കടുത്ത വേനലില്‍ കായിക പ്രേമികള്‍ക്ക് ആശ്വാസവും ആവേശവുമായി ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കിയ സ്‌പോര്‍ട്‌സ് സ്പാര്‍ക്കില്‍ പ്രൊ എഡ്ജ് സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി. നാല് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഒന്‍പത് വിഭാഗങ്ങളിലായി സ്വദേശികളും വിദേശികളുമായി ഇരുനൂറിലേറെ ബാഡ്മിന്റണ്‍ താരങ്ങളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരം വീക്ഷിക്കാന്‍ നൂറുകണക്കിന് കായിക പ്രേമികളും എത്തിയതോടെ കണ്‍വെന്‍ഷന്‍ സെന്ററിലെ ശീതികരിച്ച കോര്‍ട്ടുകള്‍ ആവേശത്തില്‍ ഇളകിമറിഞ്ഞു.

To advertise here,

പതിനൊന്നു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിയ ബാലാജി റണ്ണര്‍ അപ്പും വമിക വിനോദ് ജേതാവുമായി. ഇതേ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആദിത്യ സിംഗാള്‍ റണ്ണറപ്പും ഷാസില്‍ മുഹമ്മദ് ജേതാവുമായി. പതിനഞ്ചു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പല്ലവി അഭിലാഷ് നായര്‍ റണ്ണറപ്പും ഷെനെല്ലി ലൂയിസ് ജേതാവുമായി. പതിനഞ്ചു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇയാന്‍ ജോര്‍ജ് റണ്ണറപ്പും അമന്‍ ഡി കോസ്റ്റ ജേതാവുമായി. പത്തൊന്‍പത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീന സെഹ്‌റ റണ്ണറപ്പും ഉത്തര അഭിലാഷ് നായര്‍ ജേതാവുമായി. പത്തൊന്‍പത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വൈഭവ് രാംദോസ് റണ്ണറപ്പും ഹിംനേഷ് ഷഹ്ലോട്ട് ജേതാവുമായി.

മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ബിത മന്‍സൂരി- വൈശാഖ് നായര്‍ സഖ്യം ജേതാക്കളായപ്പോള്‍ പുരുഷന്മാരുടെ ഡബിള്‍സ് 'ബി' കാറ്റഗറിയില്‍ ജെബിന്‍ ജേക്കബ്- സന്ദീപ് സഖ്യം കിരീടം നേടി. കാണികളെ ഏറെ ആവേശം കൊള്ളിച്ച പുരുഷന്മാരുടെ ഡബിള്‍സ് 'എ' കാറ്റഗറിയില്‍ അനിസ് ലാല്‍- നിതേഷ് സഖ്യം കിരീടം നേടി. വിജയികള്‍ക്ക് ഒമാന്‍ റാക്കറ്റ് സ്‌പോര്‍ട്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ താഹിര്‍ അല്‍ ബര്‍വാനി, മസ്‌കറ്റ് ബാഡ്മിന്റണ്‍ ക്ലബ് ചെയര്‍മാന്‍ മുഹമ്മദ് ഗുലും ഫജ്വാനി, സാബ്കോ സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലിസ്റ്റര്‍, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ ഓപ്പറേഷന്‍ മാനേജര്‍ സഫിയ ഹസ്സന്‍ സാല അല്‍ അബ്രി, വി നെറ്റ്വര്‍ക്ക് സൊല്യൂഷന്‍ മാനേജിങ് ഡയറക്ടര്‍ യോഗേന്ദ്ര കട്യാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ വിജത്തിനായി മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മാച്ച് ഒഫീഷ്യലുകളെയും മത്സരം നിയന്ത്രിച്ച റഫറിമാരെയും ചടങ്ങില്‍ ആദരിച്ചു. മോണിങ് സ്റ്റാര്‍ ബാഡ്മിന്റണ്‍ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു മത്സരം നിയന്ത്രിച്ചത്.

പൊള്ളുന്ന ചൂടില്‍ കായിക വിനോദങ്ങളില്‍നിന്ന് അകന്നു നിന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌പോര്‍ട്‌സ് സ്പാര്‍ക് ഏറെ ആശ്വാസമായി. എന്നാല്‍ ഇവിടെ വന്നവരെ ഏറെ ആവേശത്തിലാഴ്ത്തിയത് ഇത്തരം ടൂര്‍ണമെന്റുകളാണെന്നും ഇതിനായി മുന്നോട്ട് വന്ന പ്രൊ എഡ്ജ് സ്‌പോര്‍ട്‌സ് അക്കാദമി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും സ്‌പോര്‍ട്‌സ് സ്പാര്‍ക്കിനു മേല്‍നോട്ടം വഹിക്കുന്ന സാബ്കോ സ്‌പോര്‍ട്‌സ് ഭാരവാഹികള്‍  അഭിപ്രായപ്പെട്ടു. വേനല്‍ അവധിയായിട്ടും ഒട്ടേറെ ആളുകള്‍ രാജ്യത്തിനു പുറത്തു അവധിക്കായി പോയ സമയമായിട്ടും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ലഭിച്ച ആവേശകരമായ പ്രതികരണം അത്ഭുതപെടുത്തി. കായിക മത്സരങ്ങള്‍ ആസ്വദിക്കുക എന്നതിലുപരി ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ സ്‌പോര്‍ട്‌സ് സ്പാര്‍ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് കായിക പ്രേമികള്‍ക്കും, ജനങ്ങള്‍ക്കും മനസ്സിലായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും പ്രൊ എഡ്ജ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ നാസര്‍ അബ്ദുള്ള അല്‍ ഹാര്‍ത്തി പറഞ്ഞു.