മസ്‌കറ്റ്: കോവിഡ് കാലത്ത് ഒമാനില്‍ മരണപ്പെട്ട ഏകമകന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള മാതാവിന്റെ ആഗ്രഹത്തിന് സാക്ഷാത്കാരം നല്‍കിയിരിക്കുകയാണ് ഒമാനിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍. മസ്‌കറ്റ് കെ.എം.സി.സി. റൂവി ഏരിയ കമ്മറ്റിയുടെ സഹായമാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി റഷീദ് അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്തെത്താനുള്ള മാതാവ് ആമിനയുടെ ആഗ്രഹത്തിന് ചിറകുവിരിച്ചത്.

To advertise here,

2021-ലാണ് കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി റഷീദ് കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചത്. മാര്‍ച്ച് മാസത്തിൽ കോവിഡ് മൂര്‍ച്ചിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷീദിന്റെ ചികിത്സാസമയത്തും ഒടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ അന്ത്യകര്‍മ്മങ്ങളും ഏറ്റെടുത്തത് മസ്‌കത്ത് കെ.എം.സി.സി. റുവി ഏരിയ കമ്മറ്റിയായിരുന്നു. കോവിഡ് മരണമായതിനാല്‍ മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകാന്‍ മാര്‍ഗമില്ലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളുടെ അപേക്ഷപ്രകാരം മൃതദേഹം ഒമാനിലെ മബേല ഖബര്‍സ്ഥാനത്ത് മറവുചെയ്തത്.

ഏകമകനായ റഷീദിന്റെ വിയോഗത്തോടെ സങ്കടക്കടലിലായ മാതാവ് മകന്റെ ഖബറിടം കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ അത് ഏറ്റെടുക്കുകയായിരുന്നു റൂവിയിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍. ഒടുവില്‍ ആമിന ഉമ്മ മസ്‌കറ്റിലെത്തി. മബേല ഖബറിടത്തില്‍ മകന്റെ ഖബറിടം കണ്ടു. മകന് വേണ്ടി മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്തു.