മസ്‌ക്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ വെച്ച് നടക്കും. സമകാലീന കേരളത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി, വരും കാലങ്ങളിൽ ഗുരുദർശനം എപ്രകാരമെല്ലാം വിലയിരുത്തപ്പെടും തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്കും ചിന്തകൾക്കും വേദിയൊരുക്കുക എന്നതാണ് ഗുരു പ്രഭാഷണം സംഘടിപ്പിക്കുന്നതിലൂടെ കേരള വിഭാഗം ലക്ഷ്യമിടുന്നത്. ഇത്തവണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുന്നത് രാജ്യസഭാ എം പിയും കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന ജോൺ ബ്രിട്ടാസാണ്. 

To advertise here,

കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുൻനിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ ഇടപെടലുകളെ, പ്രവാസി സമൂഹത്തിൽ ഗൗരവമുള്ള ചർച്ചക്കായി വഴി തുറന്നു കൊടുക്കുന്ന ഗുരു അനുസ്‌മരണ പ്രഭാഷണ പരിപാടി കഴിഞ്ഞ 25 വർഷങ്ങളായി കേരളവിഭാഗം സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ പറഞ്ഞു. 

കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ, സംഘാടക സമിതി ചെയർമാൻ അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളവിംഗ് ട്രഷറർ സുനിത്ത് തെക്കടവൻ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ, സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു, കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.