മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള 2025-2026 അധ്യായനവര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായി. ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലായി ആകെ 6,504 സീറ്റുകളാണ് ഇത്തവണയുള്ളത്. ഏറ്റവുമധികം സീറ്റുകളുള്ളത് ബാല്‍വതിക, കെ.ജി ക്ലാസുകളിലാണ്. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി) അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ അഡ്മിഷന്‍. ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ബോര്‍ഡിനു കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസരപ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈനിലൂടെ നടക്കുന്നത്. ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. രാവിലത്തെ ഷിഫ്റ്റില്‍ 1,080 വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റില്‍ 400 വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റില്‍ കെ.ജി രണ്ട് മുതല്‍ നാലാം തരംവരെയുള്ള ക്ലാസുകളിലാണ് അവസരമുള്ളത്. ഓരോ ക്ലാസിലും 80 വീതം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. 398 വിദ്യാര്‍ഥികള്‍ക്ക് ദാര്‍സൈറ്റ്  ഇന്ത്യന്‍ സ്‌കൂളില്‍ രാവിലത്തെ ഷിഫ്റ്റിലും ഉച്ചക്ക് ശേഷമുള്ള ക്ലാസില്‍ 119 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. 

To advertise here,

ഒന്നാം തരം മുതല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലാണ് ഉച്ചക്കുശേഷമുള്ള ഷിഫ്റ്റില്‍ അവസരമുള്ളത്. ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത വ്യത്യസ്തമാണ്. വാദി കബീര്‍ (1,205), വാദി കബീര്‍ ഇന്റര്‍നാഷനല്‍ (811), ബോഷര്‍  (815), മബേല (580), ഗുബ്ര (426),സീബ് (497) ഗൂബ്ര ഇന്റര്‍നാഷനല്‍ (173) എന്നിങ്ങനെയാണ് തലസ്ഥാനത്തെ മറ്റ് ഇന്ത്യന്‍ സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം 5,500ല്‍ താഴെ സീറ്റുകളാണ് ലഭ്യമായിരുന്നെങ്കില്‍ ഇത്തവണ ആയിരത്തില്‍ പരം സീറ്റുകളുടെ വര്‍ധനവുണ്ടായി. ബാല്‍വതിക മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍  വെബ്‌സൈറ്റില്‍ നല്‍കിയ പ്രത്യേക പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്. 2025 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും ബാലവതിക പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കള്‍ക്ക് ഒമാനില്‍ താമസവിസ ഉണ്ടായിരിക്കണം. മസ്‌കറ്റ്, ദാര്‍സൈറ്റ്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബോഷര്‍  എന്നീ ഇന്ത്യന്‍ സ്‌കൂളുകളിലേക്കാണ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഇന്ത്യന്‍ സ്‌കൂള്‍ വാദി കബീര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഗുബ്ര എന്നിവയുടെ കേംബ്രിഡ്ജ് സിലബസ് അഡ്മിഷന്‍ ആഗ്രഹിക്കുന്നവരും ഓലൈനിലൂടെതന്നെ അപേക്ഷ സമര്‍പ്പിക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനത്തിനായി  ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്‍ഡ് സ്പെഷല്‍ എജുക്കേഷനില്‍ രക്ഷിതാക്കള്‍ക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്‌ട്രേഷനെ സമീപിക്കാം.