മസ്‌കറ്റ്: ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിൽ 2025-26 അധ്യയന വർഷത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതത്തിലെ നിർണായകഘട്ടമായ ഈ ചടങ്ങ് അഭിമാന നിമിഷങ്ങൾക്ക് സാക്ഷിയായി.

To advertise here,

ഷർഖിയ സർവകലാശാലയിലെ കോളേജ് ഓഫ് അപ്ലൈഡ് ആൻഡ് ഹെൽത്ത് സയൻസസിന്റെ ഡീൻ ഡോ. ഹിലാൽ ഹമൂദ് മുഹമ്മദ് അൽ റഹ്ബി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഐസിടി ഉപസമിതി തലവൻ ഡോ. ഷമീം ബഷീർ മുഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ സ്‌കൂൾസ് ഇൻ ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഡയറക്ടറും ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിന്റെ ചുമതലയുള്ള ഡയറക്ടറുമായ ഡോ. സുരേന്ദ്ര സ്വാമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അതിഥികൾ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, ക്ഷണിതാക്കൾ, അധ്യാപകർ, ബിരുദധാരികൾ എന്നിവരെ പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ സ്വാഗതം ചെയ്തു. ക്ലാസ് അധ്യാപകർ വിദ്യാർത്ഥികളെ വേദിയിലേക്ക് പരിചയപ്പെടുത്തി. ബിരുദവസ്ത്രവും ക്യാപും ധരിച്ച വിദ്യാർത്ഥികൾക്ക് മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് മൊമെന്റോ, ബിരുദ സർട്ടിഫിക്കറ്റുകൾ, മികവുസർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കൺവീനറും പർച്ചേസ് ഉപസമിതി തലവനുമായ ഷബീർ ഷംസുദ്ദീൻ സംസാരിച്ചു. ഹെഡ് ബോയ് അക്ഷയ് അജിത്തും ഹെഡ് ഗേൾ കെയിന മറിയം സോജനും സ്‌കൂൾ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ചു. പ്ലസ് ടു വിദ്യാർത്ഥികൾ സ്‌കൂളിന് ഉപഹാരം സമർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ (സീനിയർ വിഭാഗം) ഷംഷാദ് ഹംസ നന്ദിപ്രസംഗം നടത്തി.

പ്രിൻസിപ്പലിന്റെ പ്രചോദനാത്മക സന്ദേശത്തോടെയും പരമ്പരാഗതമായ 'കോറിഡോർ ഓഫ് ബ്ലെസിംഗ്‌സ്' വഴിയുള്ള യാത്രയയപ്പോടെ ചടങ്ങുകൾ സമാപിച്ചു.