മസ്കറ്റ്: വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ചും ബന്ധങ്ങൾ വിപുലപ്പെടുത്തിയും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അൽജീരിയൻ പ്രസിഡന്‍റ് അബ്ദുൽ മദ്ജിദ് തെബൂൺ ഒമാനിൽനിന്ന് മടങ്ങി. സന്ദർശനത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്പത്തിക സേവനങ്ങൾ, തൊഴിൽ, പരിശീലനം, മാധ്യമം എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും അൽജീരിയയും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. 

To advertise here,

പെട്രോകെമിക്കൽസ്, മരുഭൂമിയിലെ കൃഷി, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ടൂറിസം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തവും പദ്ധതികളും സ്ഥാപിക്കുന്നതിനായി സംയുക്ത ഒമാനി-അൾജീരിയൻ നിക്ഷേപ ഫണ്ട് സ്ഥാപിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. പലസ്തീൻ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ ഇസ്രായേൽ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും അനധികൃത അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് പലസ്തീൻ ജനതയുടെ അവകാശം സംരക്ഷിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.