ഡബ്ലിന്‍: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫിനാഫാള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായതോടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്താനുള്ള സാധ്യത തെളിയുന്നു. ഫിനാഫാളിന് 48 ടിഡിമാരുണ്ട്. ഫിനഗേലിന് 38 ഉം ഗ്രീന്‍ പാര്‍ട്ടിക്ക് ഒന്നും സീറ്റുകള്‍ വീതമാണുള്ളത്. ഫിനാഫാളിന്റെ നേതൃത്വത്തില്‍ ഫിനാഗേലും ഗ്രീന്‍പാര്‍ട്ടിയും ചേര്‍ന്ന മുന്നണിയാണ് കഴിഞ്ഞ സര്‍ക്കാരിന് നേതൃത്വം നല്‍കിയത്. കേവല ഭൂരിപക്ഷത്തിന് 88 പേര്‍ വേണമെന്നിരിക്കെ മൂന്നു പാര്‍ട്ടികള്‍ക്കും കൂടി നിലവില്‍ 87 ടിഡിമാര്‍ മാത്രമെയുള്ളു.

To advertise here,

ഇപ്പോഴത്തെ അവസ്ഥയില്‍ ലേബര്‍ പാര്‍ട്ടിയുടെയോ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. ഇരു പാര്‍ട്ടികള്‍ക്കും 11 ടിഡിമാര്‍ വീതമാണുള്ളത്. എന്നാല്‍ ഭരണത്തില്‍ പങ്കാളിത്തം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും ആശയക്കുഴപ്പത്തിലാണ്. മുഖ്യപ്രതിപക്ഷമായ സിന്‍ഫെയ്നിന് ഇത്തവണയും അധികാരത്തിലെത്താന്‍ കഴിയില്ല.

ഫിനാഫാള്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മീഹോള്‍ മാര്‍ട്ടിന്‍ വീണ്ടും പ്രധാനമന്ത്രിയായേക്കും. അറുപത്തിനാലുകാരനായ അദേഹം 1989 മുതല്‍ കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുള്ള ടിഡിയാണ്. പ്രതിപക്ഷ നേതാവും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ സര്‍ക്കാരില്‍ 2020 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ പ്രധാനമന്ത്രിയായിരുന്നു. മുന്‍ധാരണ പ്രകാരം ഫിനാഗേലിന് വേണ്ടി സ്ഥാനം ഒഴിയുകയായിരുന്നു.

അയര്‍ലന്‍ഡിലെ 34 -ാമത് ഡെയ്ലിന്റെ (പാര്‍ലമെന്റ്) ആദ്യ യോഗം ഡിസംബര്‍ 18 ന് ചേരും. ഇതിനു മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഫിനാഫാള്‍ സര്‍ക്കാരിനെ ഫിനാഗേല്‍ തുടര്‍ന്നും പിന്തുണച്ചേക്കുമെന്നാണ് സൂചന. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫിനാഗേല്‍ ടിഡിമാരുടെ യോഗം ഡിസംബര്‍ നാലിന് ചേരുന്നുണ്ട്.

അന്തിമ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള കക്ഷിനില - ആകെ സീറ്റ് 174. ഫിനാഫാള്‍ (48), സിന്‍ഫെയ്ന്‍ (39) ഫിനാഗേല്‍ (38), സോഷ്യല്‍ ഡെമോക്രാറ്റ്സ് (11), ലേബര്‍ (11), പീപ്പിള്‍ ബി ഫോര്‍ പ്രോഫിറ്റ് -സോളിഡാരിറ്റി (3), ഏന്‍ടു (2), ഗ്രീന്‍ പാര്‍ട്ടി (1), സ്വതന്ത്രര്‍ (23).