ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ H-1B വിസയിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് പൂർണമായി നിരോധിക്കുമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായവും സാമ്പത്തിക ഇടപാടുകളും കർശനമായി തടയുന്നതിനും സംസ്ഥാനം നടപടികൾ സ്വീകരിക്കും. സ്കൂൾ ക്ലാസ് മുറികളിലെ വിദേശ സ്വാധീനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം.

To advertise here,

പ്രാദേശിക തൊഴിലവസരങ്ങൾക്ക് മുൻഗണന

വിദ്യാർത്ഥികളുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്ന ആശയങ്ങളും സ്വാധീനങ്ങളും സംസ്ഥാനത്തിന്റെ നയങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് ഗവർണർ അബോട്ട് വ്യക്തമാക്കി. "ടെക്സസ് പൊതുവിദ്യാലയങ്ങളിലെ H-1B വിസക്കാരായ ജീവനക്കാരുടെ എണ്ണം പൂജ്യമായിരിക്കണം. നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ടെക്സസുകാരെയോ അമേരിക്കക്കാരെയോ കണ്ടെത്തണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല," അദ്ദേഹം പറഞ്ഞു.

ഈ നിയമം പുതിയ അപേക്ഷകരെ മാത്രമല്ല, നിലവിൽ H-1B വിസയിൽ ജോലി ചെയ്യുന്നവരെയും വിസ പുതുക്കാൻ കാത്തിരിക്കുന്നവരെയും ബാധിക്കുമെന്ന് ഗവർണർ അറിയിച്ചു. ടെക്സസ് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്ലിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കുക.

വിദേശ ധനസഹായത്തിന് നിയന്ത്രണം

വിദേശ സ്രോതസ്സുകളിൽ നിന്ന് പണമോ സമ്മാനങ്ങളോ സ്വത്തുക്കളോ സ്വീകരിക്കുന്നതിനും വിദേശ സ്ഥാപനങ്ങളുമായി സാമ്പത്തിക കരാറുകളിൽ ഏർപ്പെടുന്നതിനും പൊതുവിദ്യാലയങ്ങൾക്ക് ഇനി അനുവാദം ഉണ്ടാവില്ല. ഓസ്റ്റിൻ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് അറബി ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി ഖത്തറിൽ നിന്ന് ലക്ഷക്കണക്കിന് ഡോളർ സ്വീകരിച്ചതും, ചില സ്കൂളുകളിൽ ചൈനീസ് സർക്കാർ പിന്തുണയുള്ള ‘കൺഫ്യൂഷ്യസ് ക്ലാസ്‌റൂം’ പദ്ധതികൾ പ്രവർത്തിക്കുന്നതും ഗവർണർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

തുടരുന്ന നിയന്ത്രണങ്ങൾ

നേരത്തെ, 2026 ജനുവരി മുതൽ സംസ്ഥാന ഏജൻസികളിലും പൊതുമേഖലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ H-1B അപേക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടെക്സസ് വർക്ക്‌ഫോഴ്‌സ് കമ്മീഷന്റെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ലെന്ന നിർദേശം 2027 മേയ് വരെ തുടരും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ H-1B വിസ ഉപയോഗം സംബന്ധിച്ച കൂടുതൽ കർശനമായ നടപടികൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് അബോട്ട് അറിയിച്ചു. ഈ നിർദേശം നിയമമാകാൻ ടെക്സസ് നിയമസഭയുടെ അംഗീകാരം ആവശ്യമാണ്.