ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലിനെതിരെ നടന്ന വംശീയ ആക്രമണത്തില്‍ പരക്കെ പ്രതിഷേധം. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനില്‍ ആയിരക്കണക്കിനാളുകളാണ് ഒപ്പുവെച്ചിട്ടുള്ളത്. ഇന്ത്യന്‍ എംബസിയും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,

ആമസോണില്‍ ജോലി ചെയ്യുന്ന 40 കാരന് നേരെയായിരുന്നു കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ യാതൊരു പ്രകോപനവുമില്ലാതെ സൗത്ത് ഡബ്ലിനിലെ താലായില്‍ ആക്രമണമുണ്ടായത്. കേവലം മൂന്ന് ആഴ്ച മുമ്പാണ് ഇയാള്‍ ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലന്‍ഡില്‍ എത്തിയത്. തമിഴ്നാട് സ്വദേശിയായ ഇദേഹത്തിന് ഭാര്യയും 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

കുറ്റവാളികള്‍ കൗമാരക്കാരായതിനാല്‍ നിയമനടപടികള്‍ മന്ദഗതിയിലാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെയും അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ചെറുതും വലുതുമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

താല സംഭവത്തിന് ദൃക്സാക്ഷിയായ ജെന്നിഫര്‍ മുറെ എന്ന ഐറീഷ് വനിതയാണ് അക്രമണ വിവരം പോലീസിനെ അറിയിച്ചത്. നിഷ്‌കളങ്കനായ ഒരു വ്യക്തിയെ അതിക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തതായി ജെന്നിഫര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

ആക്രമണത്തെ അപലപിച്ച സൗത്ത് ഡബ്ലിന്‍ മുന്‍ മേയര്‍ ബേബി പെരേപ്പാടന്‍ ജെന്നിഫര്‍ മുറെ യെ അഭിനന്ദിച്ചു. ജെന്നിഫറിന്റെ ധീരോചിതമായ ഇടപെടലിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റീസ് ജിം ഒ കല്ലഗന്‍, ജൂണിയര്‍ മിനിസ്റ്റര്‍ കോം ബ്രോഫി തുടങ്ങിയവര്‍ക്ക് ഈമെയില്‍ അയച്ചതായി ബേബി പെരേപ്പാടന്‍ പറഞ്ഞു. നേരത്തെ ആക്രമണത്തിന് ഇരയായ യുവാവിനെ മുന്‍ മേയര്‍ ബേബി പെരേപ്പാടനും കൗണ്‍സിലര്‍ ഡോ.ബ്രിട്ടോ പെരേപ്പാടനും സന്ദര്‍ശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

സംഭവത്തെ അപലപിച്ച ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഐറീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായ യുവാവുമായി എംബസി അധികൃതര്‍ ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. എംബസിയില്‍ വിളിച്ചുകൂട്ടിയ അയര്‍ലന്‍ഡിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.