ഓസ്‌ട്രേലിയ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് ഓസ്‌ട്രേലിയയിൽ ആസ്ഥാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 1.37 ഏക്കർ വിസ്തൃതിയുള്ള സ്ഥലം സ്വന്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ACT-NSW അതിർത്തിക്ക് സമീപമുള്ള സട്ടൺ പ്രദേശത്താണ് ഭദ്രാസന ആസ്ഥാനവും ബിഷപ്പ് ഹൗസും സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങുന്നത്.

To advertise here,

9,05,000 ഓസ്‌ട്രേലിയൻ ഡോളർ വിലവരുന്ന ഈ ഭൂമി ശാന്തവും സൗകര്യപ്രദവുമായ പരിസരത്താണ് സ്ഥിതിചെയ്യുന്നത്. കാൻബറയ്ക്കു സമീപമുള്ള ഈ സ്ഥലം ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, മിഷൻ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമായി രൂപപ്പെടുത്താൻ കഴിയും എന്ന വിലയിരുത്തലിലാണ് നേതൃത്വം.

ഭൂമിയുമായി ബന്ധപ്പെട്ട കരാർ 2026 ഫെബ്രുവരി 5-ന് ഔദ്യോഗികമായി കൈമാറി കഴിഞ്ഞു. ഈ വർഷം ജൂലൈ മാസാവസാനത്തോടെ അന്തിമ തീർപ്പാക്കൽ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

സഭയുടെ പരമാധ്യക്ഷനായ  മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഈ സ്ഥലം സന്ദർശിക്കുകയും ഭദ്രാസനത്തിന്റെ ഭാവി ആവശ്യകതകളും ദീർഘകാല വളർച്ചയും കണക്കിലെടുത്ത് വേഗത്തിൽ സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യം നിർദേശിക്കുകയും ചെയ്തു. കുടിയേറ്റ സമൂഹമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന സഭാംഗങ്ങൾക്ക് ആത്മീയ നേതൃത്വവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.

ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്  സ്ഥലം സന്ദർശിച്ചു. നിർദേശങ്ങളും ഭൂമി വാങ്ങിക്കുന്നതിനുള്ള നടപടികളിൽ നിർണായക പങ്കുവഹിച്ചു.