ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത് സമർപ്പണം മാർച്ച് 3-ന് ചൊവ്വാഴ്ച ആഘോഷിക്കും. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നേർച്ച സമർപ്പിച്ച്, ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യുകെയിലെ ദേവീ ഭക്തർക്കായി ഒരുക്കണമെന്ന ആഗ്രഹത്തിൽ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ 'ആറ്റുകാൽ സിസ്റ്റേഴ്‌സ്' തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത് വാർഷികമാവും മാർച്ച് 3 ന് ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ നടത്തപ്പെടുക.

To advertise here,

ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസ്സായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്' കൂട്ടായ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യുകെയിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ.ഓമന.

മാർച്ച് 3 ന് ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുകയും, ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്', ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്‌സ് ഹോസ്‌പേസ്, ഹാഗ്‌നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാണ് നൽകുക. മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിധ്യത്തിൽ ധനസഹായ നിധി പിന്നീട് കൈമാറും.

ഏവരെയും സ്‌നേഹപൂർവം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF

കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

വാർത്തയും ഫോട്ടോയും : അപ്പച്ചൻ കണ്ണഞ്ചിറ