സോഫിയ: ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസികൾക്ക് തങ്ങളുടെ സ്വന്തം നാട്ടിലെ വികസന പ്രക്രിയകളിൽ നേരിട്ട് പങ്കാളികളാകാൻ സാധിക്കുന്ന വിധത്തിൽ സംസ്ഥാനത്ത് ഓൺലൈൻ ഗ്രാമസഭകൾ ക്രമീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രഖ്യാപിച്ചു. ബൾഗേറിയയിലെ ബോറോവെറ്റ്സിൽ പ്രൗഢഗംഭീരമായി നടന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) പത്താം വാർഷികാഘോഷങ്ങളും യൂറോപ്പ് ഫാമിലി മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും നാടിന് പുറത്തുള്ളവർക്കും ഒരുപോലെ പങ്കുചേരാൻ സാധിക്കുന്ന തരത്തിൽ 'ഗ്രാമം എല്ലാവരുടേതുമാണ്' എന്ന ജനകീയ ആശയത്തിലൂന്നിയാണ് പുതിയ ഓൺലൈൻ ഗ്രാമസഭകൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

To advertise here,

കേരളത്തിന്റെ വികസന സംരംഭങ്ങളിൽ പ്രവാസി മലയാളി സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു. കുടുംബശ്രീ ഉൽപന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കാൻ പ്രവാസികളുടെ ശൃംഖലയെ പ്രയോജനപ്പെടുത്തണം. ഊർജ മേഖലയിൽ വലിയ വികസന സാധ്യതകളാണ് കേരളത്തിൽ തുറക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയിലും അർബൻ ഫണ്ടുകളിലും നിക്ഷേപം നടത്താൻ പ്രവാസി നിക്ഷേപകർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതോടൊപ്പം, നാട്ടിൽ തനിച്ചാകുന്ന പ്രവാസികളുടെ പ്രായമായ മാതാപിതാക്കളെയും വയോജനങ്ങളെയും സംരക്ഷിക്കുന്നതിനായി കുടുംബശ്രീ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രത്യേക സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് അഭിമാനത്തോടെ മടങ്ങിയെത്താൻ സാധിക്കുന്ന മികച്ചൊരു നാടായി കേരളത്തെ മാറ്റിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഹൃദയം കൊണ്ട് മലയാളി സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന കരുത്തുറ്റ പ്രതിഫലനമായി വേൾഡ് മലയാളി ഫെഡറേഷന് മാറാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ ബൾഗേറിയയിലെ ഇന്ത്യൻ അംബാസഡർ ശ്രീ അരുൺ കുമാർ സാഹു മുഖ്യാതിഥിയായി പങ്കെടുത്തു. ഭാരതവും ബൾഗേറിയയും തമ്മിലുള്ള സൗഹൃദത്തെയും പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു സംസാരിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബൽ സെക്രട്ടറി ആനന്ദ് ഹരി, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ മരി റോസ്ലെറ്റ് ഫിലിപ്പ്, ലിജോ ജോസഫ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ പൗലോസ് തെപ്പാല, ഹരീഷ് നായർ, ബോർഡ് ഓഫ് അഡ്വൈസേഴ്സ് അംഗങ്ങളായ ജോൺസൺ തൊമ്മാന, സിറോഷ് ജോർജ്ജ്, യൂറോപ്പ് റീജിയൻ പ്രസിഡന്റ് ഷൈജു തോമസ് തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന്റെ പ്രത്യേക വീഡിയോ സന്ദേശവും സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പത്തുവർഷത്തെ സംഘടനയുടെ വളർച്ചയെയും 170-ലധികം രാജ്യങ്ങളിൽ സംഘടന ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെയും അദ്ദേഹം സന്ദേശത്തിൽ അനുസ്മരിച്ചു.

സമ്മേളനത്തിന് മാറ്റുകൂട്ടി ബൾഗേറിയൻ പരമ്പരാഗത നാടോടി നൃത്തങ്ങളും സംഗീതവും അരങ്ങേറി. പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകർ അണിനിരന്ന സംഗീതനിശയും പത്താം വാർഷിക ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം കുറിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി കുടുംബസംഗമമായി മാറിയ ഈ ത്രിദിന സമ്മേളനം സൗഹൃദത്തിന്റെയും ആഗോള മലയാളി ഐക്യത്തിന്റെയും പുതിയ ചരിത്രമാണ് ബൾഗേറിയയിൽ രചിച്ചത്.