ഡബ്ലിന്‍: വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അയര്‍ലന്‍ഡില്‍ പ്രവേശിക്കുന്ന ഇയോവിന്‍ കൊടുങ്കാറ്റ് കണക്കിലെടുത്ത് രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളത് കണക്കിലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ബസും ട്രെയിനും ഉള്‍പ്പടെയുള്ള പൊതുഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. അപായ സൂചനകള്‍ കണക്കിലെടുത്ത് അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും കൊടുങ്കാറ്റ് അവസാനിക്കും വരെ വീടുകളില്‍ തുടരണമെന്നും നാഷണല്‍ എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് കൊടുങ്കാറ്റ് വീശാനിടയുണ്ടെന്ന് മെറ്റ് ഐറാന്‍ വ്യക്തമാക്കി. ഈ സമയത്ത് വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, വാഹന ഗതാഗതം എന്നിവ തടസപ്പെടാനിടെയുണ്ട്. തീരപ്രദേശങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐറീഷ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയര്‍ലന്‍ഡില്‍ 2017 ഒക്ടോബര്‍ 16 ന് ആഞ്ഞുവീശിയ ഒഫീലിയ കൊടുങ്കാറ്റിനേക്കാള്‍ നാശം വിതയ്ക്കാന്‍ ഇയോവിന്‍ കൊടുങ്കാറ്റ് ഇടയാക്കിയേക്കുമെന്നാണ് നിഗമനം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഒഫീലിയ നാല് ലക്ഷത്തിലേറെ വീടുകളിലെ വൈദ്യുതി വിതരണം തടസപ്പെടുത്തി. നിരവധി കൗണ്ടികളില്‍ വെള്ളപ്പൊക്കത്തിനും കാരണമായി.
ഇയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നൂറോളം വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്. വിമാന സര്‍വീസുകള്‍ വൈകാനിടയുണ്ടെന്നും വ്യോമയാന വൃത്തങ്ങള്‍ സൂചിപ്പിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡബ്ലിനിലുള്ള ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കൊടുങ്കാറ്റിന് ശേഷവും ജനങ്ങള്‍ കരുതലോടെ നീങ്ങണമെന്നും തടസങ്ങള്‍ നീക്കാനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സമയം വേണ്ടി വരുമെന്നും നാഷണല്‍ എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് വ്യക്തമാക്കി.
Content Highlights: Ireland Red Alert: Storm Eovin
Published: 24 Jan 2025, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented