മസ്‌കറ്റ്: ഇന്‍കാസ് സൂര്‍ റീജിയണല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായി മുഹമ്മദ് അമീന്‍ സേട്ടാണ് ഇത്തവണത്തെ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്.

To advertise here,

മുപ്പത്തഞ്ചു വര്‍ഷത്തോളമായി ഒമാനിലെ സീ ഫുഡ് മേഖലയില്‍ ബിസ്സിനസ്സ് നടത്തുന്ന കൊച്ചി സ്വദേശിയായ അമീന്‍ സേട്ട് ആ മേഖലയിലെ അതികായനായാണ് വിലയിരുത്തുന്നത്. ബിസിനസ്സ് മേഖലയില്‍ രാജ്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒമാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഒമാനി പൗരത്വം നല്‍കി ആദരിച്ചിരുന്നു. 2021 ല്‍ ഒമാന്‍ സര്‍ക്കാര്‍ ആദ്യമായി പത്ത് വര്‍ഷത്തെ ഇന്‍വെസ്റ്റര്‍ വിസ നല്‍കിയ പത്ത് വിദേശ സംരംഭകരിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ പള്ളിപ്പുറത്തും, അരൂരും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിനസ്സ് നടത്തിപ്പോരുന്നുണ്ട്.

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയപ്പോള്‍ ദുരന്ത മുഖത്തേക്ക് ഭക്ഷ്യ വസ്തുക്കളും മറ്റുമായും നിരവധി ട്രക്കുകള്‍ അയക്കുകയും, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി സൂറിലെ സന്നദ്ധ സംഘടനകള്‍ വഴി സഹായം എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ പ്രളയം ബാധിച്ച അവസരത്തിലും, കോവിഡ് വ്യാപനവേളയിലും പരിധിയില്ലാത്ത സഹായങ്ങളാണ് അദ്ദേഹത്തിലൂടെ കേരളത്തിലെത്തിയത്. 69 ലക്ഷം രൂപ വിലയുള്ള ഓക്‌സിജന്‍ പ്ലാന്റ് മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിക്ക് നല്‍കിയത് ഇദ്ദേഹമാണ് സ്വദേശമായ കൊച്ചിയില്‍ തന്റെ മാതാവ് സുലേഖ മൂസയുടെ പേരില്‍ നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് കേന്ദ്രവും, ഫിസിയോ തെറാപ്പി സെന്ററും 2023 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി കൊല്‍ക്കത്തയിലെ ഒരു ഗ്രാമം മുഴുവനായി ദത്തെടുത്ത് വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിട സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു പോരുന്നു.

കൈരളി ചാനല്‍ ബിസിനസ്സ് മാന്‍ ഓഫ് ദി ഇയര്‍, അറേബ്യന്‍ സ്റ്റോറീസ് ബിസിനസ്സ് ഐക്കണ്‍ ഓഫ് ദി ഇയര്‍, ടാലി മിഡില്‍ ഈസ്റ്റ് പയനീര്‍ ബിസിനസ്സ് മാന്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാണ് മുഹമ്മദ് അമീന്‍.

മത്സ്യ സംസ്‌കരണം, ഫിഷ് മീല്‍ ഫിഷ് ഓയില്‍ നിര്‍മാണം, ഫിഷിങ് ബോട്ട് നിര്‍മാണം, കാര്‍ട്ടന്‍ നിര്‍മാണ മേഖല എന്നിവയോടൊപ്പം ആഫ്രിക്കയിലും, യൂറോപ്പിലും, അമേരിക്കയിലുമായി പുതിയ സംരംഭങ്ങള്‍ തുടങ്ങിയ അമീന്‍ സേട്ട് ഈ അവാര്‍ഡ് ഐക്യകണ്ഠേനയാണ് തിരഞ്ഞടുത്തതെന്ന് ഇന്‍കാസ് സൂര്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ അന്തിക്കാട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വരുന്ന ഒക്ടോബര്‍ 24 ന് വൈകീട്ട് 6.30 ന് സൂര്‍ ക്ലബ്ബില്‍ വെച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.