ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു. യുകെ-അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പുതിയ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പതിനായിരത്തിലേറെ വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ബെല്‍ഫാസ്റ്റ് സിറ്റി സെന്ററിലെ ക്ലാരന്‍സ് ഹൗസിലാണ് പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.

To advertise here,

ബെല്‍ഫാസ്റ്റ് മേയര്‍ മിക്കി മുറെ, മിനിസ്റ്റര്‍ ഫ്ളുര്‍ ആന്‍ഡേഴ്സണ്‍, സ്പീക്കര്‍ എഡ്വിന്‍ പുട്ട്സ്, ഓണററി കോണ്‍സുലാര്‍ ലോര്‍ഡ് ദില്‍ജിത് സിംഗ് റാണ, യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം കെ.ദൊരൈ സ്വാമി തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ക്വീന്‍സ് യൂണിവേഴ്സിറ്റി ഇന്ത്യയിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസ് തുറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജയശങ്കറിന്റെ സന്ദര്‍ശനം.

കൂടാതെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ ലിറ്റര്‍ പെന്‍ജെല്ലി, ജൂണിയര്‍ മിനിസ്റ്റര്‍ ഐസിലിങ്ങ് റില്ലി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.