
ദുബായ് : വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി യുഎഇയിൽ പുതുതായി ഒൻപത് പൊതുവിദ്യാലയങ്ങൾ തുറക്കും. വേനലവധിക്കുശേഷം പുതിയ അധ്യയനം തുടങ്ങുന്ന ഈമാസം 25 മുതൽ പുതിയ പൊതുവിദ്യാലയങ്ങൾ പ്രവർത്തിച്ചുതുടങ്ങും.
രാജ്യത്തെ 465 സ്കൂളുകളുടെ അറ്റകുറ്റപ്പണികളും പുതിയ അധ്യയന വർഷത്തോടെ പൂർത്തിയാക്കിക്കഴിഞ്ഞു. പുതുതായി 25,345 കുട്ടികളാണ് ഇത്തവണ പഠനം തുടങ്ങാനിരിക്കുന്നത്. മൊത്തത്തിൽ ഒരുകോടിയിലേറെ വിദ്യാർഥികൾ പുതിയ അധ്യയന വർഷം സ്കൂളുകളിലെത്തും. 830 അധ്യാപകരെയും പുതുതായി നിയമിച്ചിട്ടുണ്ട്. 2025 - 26 വർഷത്തെ അധ്യയനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യുഎഇ വിദ്യാഭ്യാസമന്ത്രി സാറ അൽ അമീരി പറഞ്ഞു.
വിദ്യാർഥികളുടെ സുഗമമായ യാത്രാസൗകര്യങ്ങൾക്കായി 5,560 ബസുകളും ഏർപ്പെടുത്തിക്കഴിഞ്ഞു. പഠനസൗകര്യാർഥം 46,888 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഒരുകോടിയിലേറെ പാഠപുസ്തകങ്ങളും അച്ചടിച്ചു.
രണ്ടാം സെമസ്റ്റർ മുതൽ കേന്ദ്രീകൃത പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് അതത് സ്‌കൂളുകൾ പരീക്ഷകൾ നടത്താനും തീരുമാനിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 2025 - 26 അധ്യയന വർഷത്തേക്ക് പൊതു, സ്വകാര്യ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറക്കിയിരുന്നു.
കലണ്ടർ പ്രകാരം ഈമാസം 25 - നു ആരംഭിച്ച് 2026 ജൂലായ് മൂന്നിന് ഈ അധ്യയനവർഷം അവസാനിക്കും. വിദ്യാഭ്യാസം, മാനവവികസനം, കമ്യൂണിറ്റി വികസന കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെയാണ് ഏകീകൃത ഷെഡ്യൂളുകൾ പ്രകാരം സ്‌കൂൾ കലണ്ടർ പുറത്തിറക്കിയത്.
ദീർഘമായ ഇടവേളകൾക്കനുസൃതമായി അധ്യാപന സമയങ്ങൾ സന്തുലിതമാക്കുകയുമാണ് ലക്ഷ്യം. പുതിയ കലണ്ടർ പ്രകാരം വിദ്യാർഥികൾക്ക് ഡിസംബറിൽ ഒരുമാസത്തെ ശൈത്യകാല അവധിയും മാർച്ചിൽ രണ്ടാഴ്ചത്തെ വസന്തകാല അവധിയും ലഭിക്കും.
Content Highlights: Nine new public schools will open in the UAE
Published: 20 Aug 2025, 02:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented