ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് സേവ് ലൈഫ് (HelpSaveLife) എന്ന ജീവകാരുണ്യ സംഘടന അവരുടെ 23 വര്‍ഷത്തെ സേവനം നവംബര്‍ 1, 2024 ന് പൂര്‍ത്തിയാക്കുന്നു. 'ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.' എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടന 23 വര്‍ഷം പിന്നിടുമ്പോള്‍ 1700 ലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്കായി പന്ത്രണ്ടരകോടിയിലധികം ഇന്ത്യന്‍ രൂപ സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു. 1500 ലധികം വ്യക്തികള്‍ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനമാണ് സംഘടന ചെയ്യുന്നത്. അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം നല്‍കുക. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കോളേജില്‍ പഠിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത് പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കാനും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും ഭവന പുനര്‍നിര്‍മാണത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
ഹെല്‍പ്പ് സേവ് ലൈഫ്ന്റെ അംഗങ്ങള്‍ക്ക് നേരിട്ട് അറിയാവുന്നവര്‍ക്കോ, അല്ലെങ്കില്‍ സഹായം അര്‍ഹിക്കുന്നവരാണെന്ന് അംഗങ്ങള്‍ വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവില്‍ പ്രതിമാസം ആറ് അഭ്യര്‍ത്ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം വേഗത്തില്‍ തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്. സംഘടന സമാഹരിക്കുന്ന മുഴുവന്‍ തുകയും സാമ്പത്തികമായി സഹായം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ഭൂരിഭാഗം അംഗങ്ങളും മലയാളികളായതിനാല്‍ ഒട്ടു മിക്ക സഹായങ്ങളും കേരളത്തിലേക്കാണ് നല്‍കുന്നത്. ഹെല്പ് സേവ് ലൈഫ് ഒരു രജിസ്റ്റേര്‍ഡ് ജീവകാരുണ്യ സംഘടനയായതിനാല്‍ സംഭാവനകള്‍ക്ക് യു.എസ്. ഇന്‍കം ടാക്സ് നിയമത്തിലെ (501)(c)(3) പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്.
സഹായ മനസ്കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ നിരന്തരമായ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്. കൊടുക്കുന്തോറും വീണ്ടും കൂടുതല്‍ സഹായ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നതിനാല്‍, ഇനിയും കൂടുതല്‍ സന്മനസ്സുള്ള വ്യക്തികളുടെ സാമ്പത്തിക സഹായം സംഘടനക്ക് അനിവാര്യമാണ്. 'നൂറു വ്യക്തികളെ സഹായിക്കാനാവില്ലെങ്കില് ഒരാളെ സഹായിക്കു' എന്ന മദര്‍ തെരേസയുടെ വചനമാണ് സംഘടനയുടെ ആപ്തവാക്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.HelpSaveLife.org, email: HelpSaveLifeUSA@gmail.com
Content Highlights: Help Save Life
Published: 10 Nov 2024, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented