റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്കായി ഒരുക്കിയ കൂട്ടത്താമസ കേന്ദ്രങ്ങൾക്ക് 1,360 ലൈസൻസുകൾ നൽകിയതായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ഈ താമസകേന്ദ്രങ്ങളിൽ ഏകദേശം ഒരു ദശലക്ഷം വിദേശ തൊഴിലാളികൾക്ക് താമസിക്കാനാകും. തൊഴിലാളികൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ താമസസൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവന്നത്.
പുതിയ ചട്ടപ്രകാരം ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അവർക്ക് ലൈസൻസുള്ള താമസസൗകര്യം ഒരുക്കണം. സ്വന്തം നിലയിൽ താമസസൗകര്യം ഒരുക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക്, അംഗീകൃത താമസകേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് സൗകര്യമൊരുക്കാം.
മുനിസിപ്പൽ, സാങ്കേതിക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഇത്തരം താമസകേന്ദ്രങ്ങൾ പാലിക്കണം. താമസകേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങളുണ്ടോ എന്ന് ഉറപ്പാക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ പരിശോധന നടത്തും.
തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2025-ലാണ് സൗദി ദേശീയ കൂട്ടത്താമസ വികസന പരിപാടിക്ക് തുടക്കമിട്ടത്. പത്ത് സർക്കാർ സ്ഥാപനങ്ങൾ ചേർന്നാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവ സംരക്ഷിക്കുകയും അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ നടപ്പാക്കുന്നത്.
Published: 03 Sept 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented