ദുബായ്: കേരളത്തിൽ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ ജീവനക്കാർക്കായി റിവാർഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാർഡ് പ്രോഗ്രാം പ്രഖ്യാപനം.

To advertise here,

എല്ലാ ജീവനക്കാരുടെയും ശമ്പളത്തിൽ 30% വർധന, എല്ലാ മാനേജർമാർക്കും പ്രീമിയം എസ്.യു.വികൾ, വർക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്‌സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങൾ എന്നിവയാണ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മാസവേതനത്തിന് പുറമെയാണ് ഈ പ്രോത്സാഹനങ്ങളെല്ലാം നൽകുന്നതെന്ന് അംജാദ് സിതാര പറഞ്ഞു.

നിർമാണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് അതിന്റെ വിപുലീകരണം, ഓപ്പറേഷണൽ എക്‌സലൻസ് എന്നിവവഴി 130% വാർഷിക വളർച്ച കൈവരിച്ചിരുന്നു. ഇപ്പോൾ കമ്പനിയുടെ യുഎഇ ഓപ്പറേഷനുകളിൽ നിർമാണം, മാൻപവർ, ഫസിലിറ്റീസ് മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 20,000 ത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്.

സമീപകാലത്ത് യുഎഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ബിസിസി ഗ്രൂപ്പിന് കൈമാറിയിരുന്നു. രാജ്യത്ത് ആദ്യമായി റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് 100% കമ്മീഷൻ നൽകുന്ന നൂതനമായൊരു മോഡൽ നടപ്പിലാക്കുമെന്ന് ബിസിസി ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.