മുംബൈ : ഏഴര വർഷങ്ങൾക്കുശേഷം മാതാ അമൃതാനന്ദമയി മഹാനഗരത്തിലെത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ നെരൂളിലെ മാതാഅമൃതാനന്ദമയി മഠത്തിൽ എത്തിച്ചേർന്നപ്പോൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നഗരംവരവേറ്റത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പ്രിയപ്പെട്ട അമ്മയെ നേരിട്ടു കാണാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് മുംബൈയിലെയും നവിമുംബൈയിലെയും ഭക്തർ. മാതാ അമൃതാനന്ദമയി മഠം നെരുൾ ആശ്രമാധിപൻ സ്വാമി അവ്യയാമൃതാനന്ദപുരി പൂർണകുംഭം നൽകി വരവേറ്റു.

To advertise here,

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി അമൃതാനന്ദപുരി, സ്വാമി ജ്ഞാനാമൃതാനന്ദപുരി എന്നിവരും അമ്മയോടൊപ്പം നെരുൾ ബ്രഹ്മക്ഷേത്ര മഹോത്സവത്തിന് എത്തിചേർന്നിട്ടുണ്ട്. നവംബർ 18, 19 തീയതികളിൽ പൊതുജനങ്ങൾക്കായി ദർശനവും മറ്റ് ആത്മീയച്ചടങ്ങുകളും നടക്കും.

ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ അമ്മയുടെ ദർശനത്തിനായി എത്തിച്ചേരുമെന്ന് മുംബൈ മഠാധിപതി സ്വാമി അവ്യയാമൃതപുരി അറിയിച്ചു. ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ച് വിവിധ പൂജകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നവിമുംബൈ കോർപ്പറേഷൻ അധികൃതർ, പോലീസ്, അഗ്‌നിരക്ഷാ വിഭാഗം എന്നിവർക്കൊപ്പം പരിപാടികൾക്ക് സൗകര്യമൊരുക്കാൻ സംഘാടകസമിതിയും സജീവമായിരംഗത്തുണ്ട്.