കാസർകോട് : പരാതികളും ചർച്ചകളും തുടർക്കഥയായിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ രാവിലെയും വൈകീട്ടും കനക്കുന്ന തിരക്കിൽ ശ്വാസംമുട്ടി വലയുകയാണ് നാട്ടുകാർ. വാഹനങ്ങൾക്ക് ചന്ദ്രഗിരിപ്പാലത്തിൽനിന്ന് നഗരത്തിലെത്തണമെങ്കിൽ മണിക്കൂറുകളോളം കാത്തുകിടക്കണം.

To advertise here,

ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കും എം.എൽ.എ.യ്ക്കും നിരന്തരം പരാതികളും നിവേദനങ്ങളും നൽകിയിട്ടും അനുകൂല നടപടികൾ ഇതുവരെയുണ്ടായിട്ടില്ല. സംസ്ഥാനപാത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഒക്ടോബർ പത്തുവരെ ഭാഗിക ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുർഘടമായി.

നടപ്പാണ് ലാഭം

ചന്ദ്രഗിരിപ്പാലത്തിൽനിന്ന് പുലിക്കുന്ന് വഴി കാസർകോട് നഗരത്തിലേക്ക്് കുത്തനെയുള്ള കയറ്റം കയറിവേണമെത്താൻ. ഭാരം കയറ്റിവരുന്ന ബസുകളടക്കമുള്ളവ ഇവിടെ പകുതിയിൽ നിന്നുപോകുന്നത് പതിവാണ്.

ഇതും നിലവിൽ യാത്രക്കാരുടെ വഴിമുട്ടിക്കുന്നുണ്ട്. കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം വഴിയിൽ തങ്ങുന്നതൊഴിവാക്കാൻ ഇപ്പോൾ വിദ്യാർഥികളടക്കം ഗതാഗതക്കുരുക്ക് തുടങ്ങുന്നിടത്തിറങ്ങി നടന്നുപോകുകയാണ്.