മൂന്നുപേർക്ക് പരിക്ക്
സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആദിത്യ താക്കറെയും വർഷ ഗായ്ക്‌വാദും
മുംബൈ : മുളുണ്ടിൽ നിർമാണത്തിലിരിക്കുന്ന മെട്രോ റെയിൽ ലൈൻ നാലിന്റെ പാലത്തിന്റെ സ്ലാബ് വീണ് ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. എൽ.ബി.എസ്. റോഡിലെ ജോൺസൺ ആൻഡ് ജോൺസൺ ഫാക്ടറിക്ക് സമീപം ഒരു ഓട്ടോറിക്ഷയിലും സ്കോഡ കാറിലുമാണ് സ്ലാബ് പതിച്ചത്. രാംധൻ യാദവാണ് (45) മരിച്ചത്.
രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാജ്കുമാറിന്റെ നില ഗുരുതരമാണ്.
മഹേന്ദ്രയുടെയും റുഹിയയുടെയും നില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. വഡാലയിൽനിന്ന് താനെയിലേക്കുള്ള നിർമാണത്തിലിരിക്കുന്ന പാതയാണ് മെട്രോലൈൻ നാല്. എൽ.ബി.എസ്. റോഡിലൂടെ കടന്നുപോകുന്ന ഒരു വലിയഭാഗം വിക്രോളി, ഭാണ്ഡൂപ്പ്, മുളുണ്ട് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
ബി.ജെ.പി. ഭരണത്തിൻ കീഴിൽ ജീവന് വിലയില്ല. മെട്രോ ലൈനുകളിൽനിന്ന് വീഴുന്ന ഭാഗങ്ങൾ, സുരക്ഷിതമല്ലാത്ത ഗതാഗതമാർഗങ്ങൾ, തുറന്ന കുഴികളിൽ വീഴുന്ന കാറുകൾ, ബൈക്കുകൾ. എന്തൊരു നാണക്കേടാണ് ഇവിടെ നടക്കുന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം എം.എൽ.എ. ആദിത്യ താക്കറെ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് വർഷ ഗായ്ക്‌വാദും സംസ്ഥാന സർക്കാരിനെ വിമർശിച്ചു. മുംബൈ നിവാസികളുടെ ജീവിതം ഇത്രയും വിലകുറഞ്ഞതാണെന്ന് വിളിച്ചു പറയുകയാണ് സർക്കാരെന്നും വർഷ പറഞ്ഞു.
സമഗ്രാന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്ക് എതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി
നാഗ്പുർ : മുളുണ്ടിൽ ശനിയാഴ്ച മെട്രോ റെയിൽ സ്ലാബ് തകർന്ന് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
സുരക്ഷയുടെ വശങ്ങൾ, നിർമാണസമയത്തെ മുൻകരുതലുകൾ മുതലായവ അന്വേഷണത്തിൽ ഉൾപ്പെടുമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ തടയാൻ അത്തരം എല്ലാ സൈറ്റുകളിലും ഉടൻതന്നെ സുരക്ഷാ ഓഡിറ്റ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published: 15 Feb 2026, 12:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented