കവി, ഗാനരചയിതാവ്, പരിഭാഷകന്‍, ചിത്രകാരന്‍, പ്രഭാഷകന്‍ എന്നിങ്ങനെ കലാസാഹിത്യരംഗത്തെ സര്‍വമണ്ഡലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് കെ. ജയകുമാര്‍. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറുമായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. മലയാളത്തിലും ഇംഗ്‌ളീഷിലുമായി 40-ലേറെ കൃതികള്‍ കെ. ജയകുമാര്‍ എഴുതിയിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒെേട്ടറത്തവണ പങ്കെടുത്തു. ഈവര്‍ഷവും പതിവുപോലെ അദ്ദേഹം വായനയുടെ ഉത്സവത്തിന്റെ ഭാഗമായി. മേളയുടെ അനുഭവങ്ങളും നവീന മലയാളസാഹിത്യത്തിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് കെ. ജയകുമാര്‍.
ഷാര്‍ജ പുസ്തകമേളയെ എങ്ങനെ വിലയിരുത്തുന്നു
ഷാര്‍ജ പുസ്തകമേള അന്താരാഷ്ട്രതലത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞു. ഫ്രാങ്ക്ഫുര്‍ട് പുസ്തകമേളയില്‍പോയതടക്കമുള്ള അനുഭവത്തില്‍ ഷാര്‍ജയിലെ മേള കൂടുതല്‍ ഗംഭീരമാണെന്ന് ഞാന്‍ ഉറപ്പിച്ചുപറയും. അതിനുകാരണവുമുണ്ട്. മറ്റു മേളകള്‍ കേവലം പുസ്തകപ്രദര്‍ശനങ്ങള്‍ മാത്രമാണ്. എന്നാലിവിടെ ലോകത്തിലെ എഴുത്തുകാരും പ്രസാധകരും സാംസ്‌കാരികപ്രവര്‍ത്തകരും എത്തിച്ചേരുന്നു. അതിലുപരി സാധാരണ വായനക്കാര്‍ മേളയുടെ ഭാഗമായിമാറുന്നു. ചര്‍ച്ചകള്‍, സംവാദങ്ങള്‍, അവലോകനങ്ങള്‍ എന്നിവയെല്ലാം മുഴുനീളം നടക്കുന്നു. എഴുത്തുമായി ബന്ധപ്പെടുന്നവര്‍ മാത്രമല്ല സിനിമാ പ്രവര്‍ത്തകര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍ എന്നിങ്ങനെ വേറിട്ട സംസ്‌കാരങ്ങളുടെ സംഗമമായി ഷാര്‍ജയിലെ മേള രൂപപ്പെടുന്നു.
ഷാര്‍ജ പുസ്തകമേള മലയാളികളെ എങ്ങനെ സ്വാധീനിക്കുന്നു
മേള മലയാളികളുടെ മഹോത്സവമായി മാറിക്കഴിഞ്ഞു. ഞാനും ഈ മേളയില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മേളയില്‍ ഔദ്യോഗിക അതിഥിയായും പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മലയാളികള്‍ പുസ്തകക്കെട്ടുകളുമായി മേളയുടെ പവിലിയനുകളില്‍നിന്ന് പുറത്തിറങ്ങുന്നു, ഇത്തരം കാഴ്ച കേരളത്തില്‍ അപൂര്‍വമാണ്. പ്രവാസിമലയാളികള്‍ വായനയെ ഏറ്റെടുത്തിരിക്കുന്നുവെന്നുപറയാം. ലോകസാഹിത്യത്തെക്കുറിച്ച് ഷാര്‍ജയില്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുകയാണ്. അതൊരു ചെറിയ കാര്യമല്ല. അന്താരാഷ്ട്രഫോറത്തില്‍വെച്ച് മലയാളികളുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും അവയെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയുമാണ്. അതൊരു അവസരമായി കണ്ടാണ് കേരളത്തില്‍നിന്ന് എഴുത്തുകാര്‍ ഷാര്‍ജയില്‍ വര്‍ഷംതോറും എത്തിച്ചേരുന്നത്. അതിനാല്‍ മലയാളികളാണ് ഈ പുസ്തകമേള ഏറ്റവുമധികം ആഘോഷിക്കുന്നത്.
എഴുതിത്തുടങ്ങുന്നവരെ മേള ഏതുരീതിയില്‍ സഹായിക്കും
സാഹിത്യത്തിലെ പുതുക്കക്കാര്‍ക്ക് ഷാര്‍ജ മേള നല്ലൊരു പ്രവേശനകവാടമാണ്. ഇവിടെ പ്രകാശിപ്പിക്കുന്ന പുസ്തകങ്ങളെല്ലാം 'ബെസ്റ്റ് സെല്ലര്‍' ആവണമെന്നില്ല. ഇവിടത്തെ എഴുത്തുകാരെല്ലാം വലിയ എഴുത്തുകാരായി മാറണമെന്നുമില്ല. പക്ഷേ, എഴുത്തുകാര്‍ക്ക് മികച്ച അവസരമാണിത്. പ്രതിഭയുണ്ടെങ്കില്‍ എഴുത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ആത്മധൈര്യം മേള നല്‍കുന്നുണ്ട്. ഇതുവരെകിട്ടാത്ത അവസരം എഴുത്തുകാര്‍ക്ക് ഷാര്‍ജയിലെ മേള നല്‍കുകയാണ്. അതൊരു ചെറിയ കാര്യമല്ല. അതിലുപരി എഴുത്തുകാര്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും വര്‍ധിപ്പിക്കാനും മേള സഹായകരമാകുന്നുണ്ട്. പല എഴുത്തുകാര്‍ക്കും നവംബറില്‍ ഷാര്‍ജയില്‍ പോകണം എന്നൊരു ആഗ്രഹം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഷാര്‍ജയിലെ മേള മലയാള സാഹിത്യത്തിന്റെകൂടി ആഘോഷമാണ്. സമാനമായി മലയാളികള്‍ക്ക് വിദേശത്ത് മറ്റൊരു മേളയുണ്ടെന്നു തോന്നുന്നില്ല. സാഹിത്യത്തിന് മേള ഒരു ഉണര്‍വുപകര്‍ന്നുവെന്നത് യാഥാര്‍ഥ്യമാണ്.
മലയാളത്തില്‍ ഇപ്പോള്‍ നല്ലെഴുത്തുകള്‍ ഉണ്ടാകുന്നുണ്ടോ
വ്യത്യസ്തമായ എഴുത്തുകള്‍ ഉണ്ടാവുന്നുണ്ടെന്നതാണ് പ്രധാനം. ആളുകളുടെ അഭിരുചി മാറിയിട്ടുണ്ട്. അത്തരം അഭിരുചികള്‍ നല്ലതോ ചീത്തയോ എന്നു വേര്‍തിരിക്കാനാവില്ല. വളരെ ഗഹനമായ സാഹിത്യാഭിരുചികളിലേക്കാണ് നമ്മളെ കൊണ്ടുപോകേണ്ടത്, എന്നുവെച്ചാല്‍ ഉപരിപ്ലവമായ കാര്യങ്ങളിലേക്കല്ല. സാധാരണ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കാണ് ഇന്ന് വായനക്കാര്‍ക്കിടയില്‍ അംഗീകാരം. അതിനാല്‍ അത്തരം നല്ലെഴുത്തുകളും ധാരാളമായി ഉണ്ടാവുന്നുണ്ട്. അല്ലാതെ വലിയ വലിയ തത്ത്വശാസ്ത്രവായനകളൊന്നും ആളുകള്‍ തിരഞ്ഞെടുക്കുന്നില്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി അവനവന്റെ എഴുത്തുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്ന കാലംകൂടിയാണിത്. വലിയ എഴുത്തുകാര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി അത്തരം സ്വയംപ്രചാരം നല്‍കുന്നില്ലെന്നതും നേരാണ്. യുവഎഴുത്തുകാര്‍ സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൂടി കണ്ടെത്തുന്നുണ്ട്. അത് തെറ്റാണെന്നു ഞാന്‍ പറയില്ല. അതിനാല്‍ യുവഎഴുത്തുകാരുടെ പുസ്തകപ്രചാരണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഗുണംചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ എഴുത്തില്‍ 'ടെക്‌നോളജി' പ്രയോഗിക്കുന്നത് സാഹിത്യത്തില്‍ പുതിയ സംഭവമാണ്. എങ്കിലും ആത്യന്തികമായി നല്ല സാഹിത്യങ്ങളേ നിലനില്‍ക്കൂ എന്നതാണ് യാഥാര്‍ഥ്യം.
പുതിയകാലത്തെ എഴുത്തിന്റെ പ്രമേയങ്ങളെ എങ്ങനെ കാണുന്നു
സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ എഴുത്തുകള്‍ക്കും പ്രസക്തിയുണ്ടെന്ന് പുതിയകാലത്ത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എഴുത്തില്‍ ആരും ആന്യരല്ല എന്ന നവീനമായ കാഴ്ചപ്പാടുണ്ടാകുന്നു. പറയേണ്ടെന്ന് മാറ്റിവെച്ച കാര്യങ്ങളെല്ലാം പുതിയ എഴുത്തുകാര്‍ ധൈര്യപൂര്‍വം പറയുന്നുണ്ട്. അത് മലയാളത്തിന്റെകൂടി ധീരതയായി കാണുകയാണ്. തോട്ടിയുടെ കഥയും വേശ്യയുടെ കഥയും സാഹിത്യത്തിനുപറ്റിയ പ്രമേയങ്ങളല്ലെന്ന് വിചാരിച്ച കാലത്താണ് പുരോഗമനസാഹിത്യം 'ഇതും സാഹിത്യമാണെന്ന്' വിളിച്ചുപറഞ്ഞത്. സമൂഹത്തില്‍ ഒറ്റപ്പെട്ടവനും 'ഞാന്‍ ആരുമല്ലെന്ന്' സ്വയം തോന്നുകയും ചെയ്യുന്നവര്‍ സാഹിത്യങ്ങള്‍ക്ക് പ്രമേയങ്ങളാവുകയാണ്. അതെല്ലാം എഴുത്തിലെ ധീരമായ നിലപാടുകള്‍ അല്ലെങ്കില്‍ പിന്നെന്ത്? ആ അര്‍ഥത്തില്‍ സാഹിത്യത്തിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് ഉത്തമമായ സാഹിത്യങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കില്ല, അത് പ്രചരിപ്പിക്കാന്‍ മാത്രമേ സാധിക്കൂയെന്നതും കാണേണ്ടതാണ്. സാഹിത്യം നന്നാവണമെങ്കില്‍ നല്ലെഴുത്തുകള്‍ അനിവാര്യമാണ്. ദൈവത്തിന്റെ അനുഗ്രഹത്താലാണ് നല്ല ക്രിയേറ്റിവിറ്റികള്‍ പിറക്കുന്നത്. നമുക്കറിഞ്ഞുകൂടാതെ ഏതോ സ്രോതസ്സില്‍നിന്ന് നമ്മളെ വന്നനുഗ്രഹിക്കുന്നതാണ് നല്ല ക്രിയേറ്റിവിറ്റികള്‍.
ഇപ്പോഴത്തെ സിനിമാപ്പാട്ടുകളുടെ നിലവാരമെങ്ങനെ
സാഹിത്യത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഇപ്പോഴത്തെ സിനിമാഗാനങ്ങള്‍ക്കില്ല. ഒരുപാട് പാട്ടുകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും പാട്ടുകള്‍ക്ക് അല്പായുസ്സ് മാത്രമാവുന്നു. പുതിയ പാട്ടുകള്‍ ആരും ഓര്‍ത്തുവെക്കുന്നുമില്ല. കേട്ടുമറന്നുപോകുന്ന പാട്ടുകളാണ് കൂടുതലും. മുന്‍കാലത്തെ പാട്ടുകള്‍ അങ്ങനെയായിരുന്നില്ല. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകള്‍ ഉണ്ടായതല്ലേ മലയാള സിനിമകള്‍. ഇപ്പോഴും അന്നത്തെ പാട്ടുകള്‍ക്ക് ജീവിതത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നു. പുതിയകാലത്ത് സിനിമകളില്‍ പാട്ടുകള്‍ നിര്‍ബന്ധവുമില്ല. എങ്കിലും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.
സാധാരണക്കാര്‍ക്ക് കലകൊണ്ട് എന്ത് പ്രയോജനം
വിശക്കുന്നവര്‍ക്ക് കലയും സാഹിത്യവുംകൊണ്ടെന്തു പ്രയോജനമെന്ന ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ശരിയാണുതാനും. വിശക്കുമ്പോള്‍ ഭക്ഷണംതന്നെ വേണം. അല്ലാതെ കവിതയും പാട്ടും പോരല്ലോ. എന്നാല്‍, വിശപ്പ് എങ്ങനെ ഉണ്ടായി എന്ന ചോദ്യവും പ്രസക്തമാണ്. ആ ചോദ്യം ചോദിക്കണമെങ്കില്‍ ഇവിടെ കലാകാരന്മാര്‍ വേണമെന്നതാണ് പ്രധാനം. വിശക്കുന്നവര്‍ക്ക് അപ്പം വാങ്ങിക്കൊടുക്കാന്‍ കലാകാരന്മാര്‍ക്ക് സാധിച്ചെന്നുവരില്ല. അവര്‍ക്കത് സാധിക്കുകയുമില്ല. എന്നാല്‍, വിശക്കുന്നവര്‍ക്കുവേണ്ടി കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കലകള്‍ക്ക് സാധിക്കും. ഇത്രയേറെ ധാന്യങ്ങളുള്ള സമൂഹത്തില്‍ കുറച്ചുപേര്‍ വിശന്നിരിക്കാന്‍ കാരണമെന്തെന്നും കലാകാരന്മാര്‍ അന്വേഷിക്കുന്നുണ്ട്. ആ ചോദ്യം ഭരണകൂടങ്ങള്‍ക്കുമുന്‍പിലുമെത്തിക്കാന്‍ കലാകാരന്മാര്‍ക്ക് സാധിക്കും.
Content Highlights: gulf feature column
Published: 16 Nov 2024, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented