
കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകമാനം പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. ഓരോയിടത്തും വ്യത്യസ്ത തരത്തിലാണ് ഇതിന്റെ പ്രതിഫലനം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി കാലം തെറ്റിയ കനത്ത മഴയുടെ രൂപത്തിലാണ് യു.എ.ഇയില്‍ ഇത് പ്രകടമാകുന്നത്. കാര്യമായ ചൂടും തണുപ്പുമല്ലാതെ, ആര്‍ത്തലച്ചുപെയ്യുന്ന മഴയും തന്മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവുമെല്ലാം ശാസ്ത്രീയമായി കൈകാര്യം ചെയ്യാനാകും വിധത്തിലുള്ളതല്ല യു.എ.ഇയിലെ നിര്‍മിതികളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ കാലാവസ്ഥാ മാറ്റം പരിക്കേല്‍പ്പിക്കാത്ത നിര്‍മിതികളൊരുക്കാനുള്ള സമഗ്ര പദ്ധതികളാണ് യു.എ.ഇയില്‍ ഒരുങ്ങുന്നത്.
യു.എ.ഇയില്‍ മാറുന്ന കാലാവസ്ഥയൊരുക്കുന്ന വെല്ലുവിളികള്‍ ഓരോ തവണയും കോടികളുടെ നാശനഷ്ടമാണുണ്ടാക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അനാലിസിസ് അഡൈ്വസറി സ്ഥാപനമായ ഓക്സ്ഫോഡ് അനലിറ്റിക്കയുടെ റിപ്പോര്‍ട്ട്പ്രകാരം ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനുള്ള പൂര്‍ണമായ സംവിധാനങ്ങള്‍ ഇനിയും മേഖല കൈവരിച്ചിട്ടില്ല. അതിലേക്കുള്ള ശ്രമങ്ങള്‍ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് രാജ്യം നടപ്പാക്കിവരുന്നു. റിപ്പോര്‍ട്ടുപ്രകാരം ഏറ്റവുമൊടുവില്‍ ദുബായില്‍ മാത്രം 24 മണിക്കൂറിനിടെ പെയ്തത് 250 മില്ലീമീറ്റര്‍ മഴയായിരുന്നു. 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയാണ് അതെന്ന് മനസിലാകുമ്പോഴാണ് തീവ്രത വ്യക്തമാകുന്നത്. സാധാരണഗതിയില്‍ ഒരു വര്‍ഷം ആകെ പെയ്യുന്ന മഴയുടെ തോതിനോളം വരുമിത്. മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയാനുള്ള സമഗ്ര സംവിധാനമാണ് രാജ്യത്തുടനീളം ഒരുങ്ങുന്നത്.
ഓവുചാലുകള്‍ വലിയതോതിലുള്ള വെള്ളപ്പൊക്കങ്ങളെ ഉള്‍ക്കൊള്ളും വിധത്തിലുള്ളതാക്കിമാറ്റും. ശുദ്ധജല സംഭരണത്തിന് നൂതന സാധ്യതകള്‍ തേടും. ആരോഗ്യ മേഖലയുടെ കാര്യക്ഷമത ഉയര്‍ത്തി കുറ്റമറ്റ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യതയോടെ മുഴുവന്‍ ആളുകളിലേക്കും എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. പുതിയ കെട്ടിട നിര്‍മാണ രീതികള്‍ പൂര്‍ണമായും മഴക്കാലത്തെ പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും. വിവിധയിടങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള കനാല്‍ ശൃംഖലകള്‍ വിപുലീകരിക്കും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും തീവ്ര വെല്ലുവിളികള്‍ ഉയര്‍ത്തുന്ന മേഖലയായി ഗള്‍ഫ് മാറുന്നത് തടയുന്നതിനുള്ള കര്‍മരേഖയും തയ്യാറാക്കും.
നിലവില്‍ വസന്തകാലത്തോടനുബന്ധിച്ചാണ് യു.എ.ഇയില്‍ മഴ കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇതിന്റെ ഇടവേളകള്‍ ചുരുങ്ങുകയും കൂടുതല്‍ സീസണുകളില്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റി പരിസ്ഥിതി ഭൂമിശാസ്ത്ര വിഭാഗം ലാബ് മേധാവി പ്രൊഫ: ഡോ.ഡയാന ഫ്രാന്‍സിസ് അറിയിച്ചു. വരും നാളുകളില്‍ മഴയുടെ തീവ്രത കൂടുന്നതിനോടൊപ്പം തന്നെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും അന്തരീക്ഷ ഈര്‍പ്പവും മേഖലയ്ക്ക് വെല്ലുവിളിയാകും. ഒമാനും യു.എ.ഇയും ഉപോഷ്ണ മേഖലയുടെ പട്ടികയില്‍ നിന്നും ഉഷ്ണമേഖലയുടെ പട്ടികയിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വസന്തകാലത്തും വേനല്‍ക്കാലത്തും കാലം തെറ്റിപ്പെയ്യുന്ന കനത്തമഴയാണ് ഉഷ്ണമേഖലയുടെ പ്രധാന ലക്ഷണം. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള ഓവുചാലുകള്‍ക്ക് പകരമായി വലിയ കനാലുകള്‍ക്കായി കോടികള്‍ മാറ്റിവെക്കേണ്ട സമയമായെന്നും അധികൃതര്‍ പറയുന്നു.
വിനോദ, സാംസ്‌കാരിക കേന്ദ്രമായി യു.എ.ഇ ലോകഭൂപടത്തില്‍ ഇടം പിടിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികള്‍ ചെറിയതോതിലല്ല രാജ്യത്തെ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ അതിനൂതന സംവിധാനങ്ങളൊരുക്കി ഏറ്റവും മികച്ച തൊഴില്‍, ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കെല്ലാം പച്ചക്കൊടിയുമായി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിലകൊള്ളുന്നുണ്ട്.
Content Highlights: gulf.com column
Published: 23 May 2024, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented