ചെന്നൈ : അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡി.എം.കെ. സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയെങ്കിലും ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായില്ല. രാഹുലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വേദി പങ്കിടാത്തതും രാഹുലിന്റെ പൊതുയോഗങ്ങളിൽ മുതിർന്ന ഡി.എം.കെ. നേതാക്കൾ ആരും എത്താതിരുന്നതുമാണ് സംശയങ്ങൾക്കു പിന്നിൽ.
കോൺഗ്രസിലെ ചിലനേതാക്കൾ ടി.വി.കെ.യുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെന്നു വാർത്തവന്നതും അധികാരപങ്കാളിത്തവും കൂടുതൽ സീറ്റും വേണമെന്ന ആവശ്യം ഡി.എം.കെ. തള്ളിയതുമാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീഴാൻ വഴിവെച്ചത്. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പി. ചിദംബരത്തിനെ ഇടപെടുവിച്ചാണ് സഖ്യം നിലനിർത്തിയത്. പക്ഷേ, ഡി.എം.കെ. സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കോൺഗ്രസിന്റെ ദേശീയനേതാക്കൾ ആരും എത്താതിരുന്നത് സംശയങ്ങൾക്ക് വഴിവെച്ചു.
കേരളത്തിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും രാഹുൽ ഗാന്ധി ശനിയാഴ്ച മാത്രമാണ് പ്രചാരണത്തിന് തമിഴ്നാട്ടിലെത്തിയത്. ശനിയാഴ്ച മൂന്നിടത്ത് രാഹുൽ പ്രസംഗിച്ചെങ്കിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി വേദിപങ്കിടാവുന്ന രീതിയിലല്ല, പ്രചാരണപരിപാടി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പര്യടനം നേരത്തേ ആസൂത്രണംചെയ്തതാണെന്നും അദ്ദേഹം രാഹുലുമായി വേദിപങ്കിടാൻ സാധ്യതയില്ലെന്നും ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച സംസ്ഥാനത്തിന്റെ രണ്ടുഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളിൽ സംസാരിച്ച രാഹുലും സ്റ്റാലിനും പരസ്പരം പ്രശംസിക്കാനും നന്ദിപറയാനും മറന്നില്ല. ബി.ജെ.പി.യെയും ബി.ജെ.പി.യുമായി കൂട്ടുകൂടിയ അണ്ണാ ഡി.എം.കെ.യെയുമാണ് രാഹുൽ പ്രസംഗങ്ങളിൽ വിമർശിച്ചത്. ടി.വി.കെ. നേതാവ് വിജയ്യെപ്പറ്റി പരാമർശങ്ങളൊന്നുമുണ്ടായില്ല. വിജയുമായി രാഹുലിന് സൗഹൃദമുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
സഖ്യകക്ഷികളിലെ ദേശീയനേതാക്കളുടെ കൂട്ടത്തിൽ സ്റ്റാലിൻ ഏറ്റവും സൗഹൃദം പുലർത്തിയിരുന്നത് രാഹുലുമായാണ്. എന്നിട്ടും ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എന്തുകൊണ്ട് എത്തുന്നില്ലെന്ന ചോദ്യത്തിന് ഇരുകക്ഷികളുടെയും നേതാക്കൾ ഉത്തരംനൽകുന്നില്ല.
പുതുച്ചേരിയിൽ ഇരുവരും ഒരേദിവസം പ്രചാരണത്തിനെത്തിയിരുന്നെങ്കിലും രണ്ടിടത്താണ് പ്രസംഗിച്ചത്. അവിടെ ഏതാനും സീറ്റുകളിൽ ഡി.എം.കെ. സ്ഥാനാർഥികൾക്കെതിരേ കോൺഗ്രസ് മത്സരിക്കുകയുംചെയ്തു. ശനിയാഴ്ച ഡി.എം.കെ. സഖ്യത്തിനുവേണ്ടി പ്രചാരണത്തിനെത്തിയ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്റ്റാലിനുമായി വേദി പങ്കിടുകയുംചെയ്തു.
Published: 19 Apr 2026, 12:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented