മനാമ:  പ്രവാസി ലീഗല്‍ സെല്‍ 'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തില്‍ സൂം വെബ്ബിനാര്‍ സംഘടിപ്പിച്ചു. മലേഷ്യയില്‍ നിന്നുള്ള ലോക കേരള സഭാ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ ആത്മേശന്‍ പച്ചാട്ട് എഴുതിയ  'ബോര്‍ഡിംഗ് പാസ്' എന്ന പുസ്തകത്തെ പ്രമേയമാക്കി നടത്തിയ വെബ്ബിനാര്‍ റിട്ടയേര്‍ഡ് ജഡ്ജിയും കേരളാ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സനുമായ പി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. 

To advertise here,

പ്രവാസി ലീഗല്‍ സെല്ലിന്റെ ഗ്ലോബല്‍ പ്രസിഡണ്ടും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം അധ്യക്ഷനായിരുന്നു. എറണാകുളം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് ഡി.ബി.ബിനു മുഖ്യാതിഥിയായിരുന്നു. മലേഷ്യന്‍ പ്രവാസികളുടെ പശ്ചാത്തലത്തില്‍ എഴുതിയ തന്റെ പുസ്തകത്തിലെ അനുഭവങ്ങളെക്കുറിച്ചും സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തില്‍ അവയുടെ പ്രാധാന്യങ്ങളെക്കുറിച്ചും ആത്മേശന്‍ പച്ചാട്ട് സംസാരിച്ചു. 

പ്രവാസി ലീഗല്‍ സെല്‍ കേരളാ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മുരളീധരന്‍ ആശംസയും, പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ പ്രസിഡണ്ടും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ സുധീര്‍ തിരുനിലത്ത് നന്ദിയും പ്രകാശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി അന്‍പതിലധികം പേര്‍ പങ്കെടുത്ത വെബ്ബിനാറില്‍ സുരക്ഷിത കുടിയേറ്റമെന്ന വിഷയത്തില്‍ മനുഷ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍തലത്തില്‍ ഏകീകൃത നിയമ സംവിധാനം നടപ്പിലാക്കണമെന്ന് ഏകകണ്‌ഠേന ആവശ്യപ്പെട്ടു. 

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. നിലവില്‍ വിദേശ ജോലികളുടെ മറവില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തുകള്‍ക്കിരയായ നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.