മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി. ബഹ്‌റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനിയേര്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാരതത്തിന്റെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞ ഡോ.ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈന്‍ പ്രധാനമന്ത്രി കാര്യാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ് ഡയറക്ടര്‍ അഹമ്മദ് അല്‍ഖയാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡന്റ് ഡോ.വിനോദ് മണിക്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജ്ഞാന ഭാരതി ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രവീണ്‍ രാംദാസ്, സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രവി വാര്യര്‍, വൈസ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍ എന്നിവര്‍ ആശംസള്‍ നേര്‍ന്ന് സംസാരിച്ചു. പുതു തലമുറ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടത് പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനായി സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ.ടെസ്സി തോമസ് പറഞ്ഞു.

To advertise here,

ശാസ്ത്രപ്രതിഭ പരീക്ഷ, ബഹ്‌റൈന്‍ സ്റ്റുഡന്റസ് ഇന്നൊവേഷന്‍ കോണ്‍ഗ്രസ്സ് എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡോ.ടെസ്സി തോമസ് വിതരണം ചെയ്തു. ശാസ്ത്രപ്രതിഭ പരീക്ഷ, ബഹ്‌റൈന്‍ സ്റ്റുഡന്റസ് ഇന്നൊവേഷന്‍ കോണ്‍ഗ്രസ്സ് എന്നിവയുടെ സ്‌കൂള്‍ കോഡിനേറ്റര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആര്‍.ഒ, ബ്രഹ്‌മോസ്, ഡി.ആര്‍.ഡി.ഒ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുമെന്ന് എസ്.ഐ.എഫ് പ്രസിഡന്റ് ഡോ.വിനോദ് മണിക്കര അറിയിച്ചു.