മനാമ: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡും ബഹ്‌റൈനിലെ പ്രമുഖ നിക്ഷേപകരും ഡെവലപ്പർമാരുമായ കിംഗ്ഡം പ്രോജക്ട്സും ചേർന്ന് ബഹ്‌റൈനിൽ മൂന്ന് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. ‘ഗേറ്റ്‌വേ ഗൾഫ് 2026’ പരിപാടിയുടെ നാലാം പതിപ്പിലാണ് പ്രഖ്യാപനം നടന്നത്. സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് (ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
പ്രശസ്തമായ താജ് ഹോട്ടൽ ബ്രാൻഡിന്റെ ബഹ്‌റൈനിലേക്കുള്ള പ്രവേശനം, താജ് ഹോട്ടൽസിന്റെ ഇന്ത്യൻ ഭക്ഷണവിഭവ ബ്രാൻഡായ ബോംബെ ബ്രാസറിയുടെ പുതിയ റെസ്റ്റോറന്റ്, റിലയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള ആഗോള കളിപ്പാട്ട റീട്ടെയിൽ ബ്രാൻഡായ ഹാംലീസിന്റെ ബഹ്‌റൈനിലെ സാന്നിധ്യം എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.
തന്ത്രപരമായ പങ്കാളിത്തങ്ങളിലൂടെയും ഉയർന്ന നിലവാരമുള്ള വികസന പദ്ധതികളിലൂടെയും അന്താരാഷ്ട്ര പ്രശസ്തിയുള്ള ബ്രാൻഡുകളെ ബഹ്‌റൈനിലേക്ക് കൊണ്ടുവരാനുള്ള കിംഗ്ഡം പ്രോജക്ട്സിന്റെ പ്രതിബദ്ധതയാണ് ഈ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്. ബഹ്‌റൈനിൽ താജ് ഗ്രൂപ്പിന്റെ എക്സ്ക്ലൂസീവ് പങ്കാളിയായ കിംഗ്ഡം പ്രോജക്ട്സ്, ഗ്രൂപ്പുമായി ചേർന്ന് കൂടുതൽ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇവ വരും വർഷങ്ങളിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് പദ്ധതികൾക്കുമായി ആകെ 100 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, റീട്ടെയിൽ മേഖലകളിലായി ബഹ്‌റൈനിൽ കിംഗ്ഡം പ്രോജക്ട്സ് നടത്തുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയും വൈവിധ്യവും ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്പദ്‌വ്യവസ്ഥയുടെയും കരുത്തും വിവിധ വ്യവസായ മേഖലകളിലേക്ക് ദീർഘകാല നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ബഹ്‌റൈന്റെ ശേഷിയും പ്രഖ്യാപനം എടുത്തുകാട്ടുന്നു.
“ഉയർന്ന നിലവാരമുള്ളതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് വിശ്വസനീയമായ ഇടമെന്ന നിലയിൽ ബഹ്‌റൈനിലുള്ള നിക്ഷേപകരുടെ തുടർച്ചയായ വിശ്വാസത്തെയാണ് കിംഗ്ഡം പ്രോജക്ട്സിന്റെ നിക്ഷേപങ്ങൾ പ്രതിഫലിപ്പിക്കുന്നത്,” നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, റീട്ടെയിൽ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലൂടെ സേവനമേഖല കൂടുതൽ വൈവിധ്യവൽക്കരിക്കപ്പെടുമെന്നും പ്രധാന മേഖലകളുടെ വളർച്ചയ്ക്ക് പിന്തുണ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് കിംഗ്ഡം പ്രോജക്ട്സ് വികസിപ്പിക്കുന്ന 200 മുറികളുള്ള താജ് ഹോട്ടലിന്റെ നിർമാണം ഉടൻ ആരംഭിക്കും. താജ് ഗ്രൂപ്പിന്റെ ആതിഥ്യമര്യാദയും ആഡംബര താമസസൗകര്യങ്ങളും ഒരുമിക്കുന്ന പദ്ധതിയിൽ 80 ബ്രാൻഡഡ് റെസിഡൻസുകളും ഉൾപ്പെടുന്നു.
ബഹ്‌റൈൻ ബേയിലെ ബോംബെ ബ്രാസറിയുടെ ഇന്റീരിയർ ജോലികൾ പുരോഗമിക്കുകയാണ്. 2027ന്റെ ആദ്യ പാദത്തിൽ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
റിലയൻസ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള ആഗോള കളിപ്പാട്ട ബ്രാൻഡായ ഹാംലീസിനെയും ബഹ്‌റൈനിലെ റീട്ടെയിൽ പോർട്ട്‌ഫോളിയോയുടെ ഭാഗമായി കിംഗ്ഡം പ്രോജക്ട്സ് അവതരിപ്പിക്കും. കുടുംബങ്ങൾക്കും സന്ദർശകർക്കും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്ന കേന്ദ്രത്തിൽ ബ്രാൻഡിന്റെ വിപുലമായ കളിപ്പാട്ടങ്ങളും വിനോദ ഉൽപ്പന്നങ്ങളും ലഭ്യമാകും.
കിംഗ്ഡം പ്രോജക്ട്സിന്റെ നിക്ഷേപ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രധാന പങ്കാളികളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും ബഹ്‌റൈൻ ഇ.ഡി.ബി പിന്തുണ നൽകിവരുന്നു. തന്ത്രപ്രധാന നിക്ഷേപകർ രാജ്യത്ത് സാന്നിധ്യം വിപുലീകരിക്കുകയും പുതിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ അവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഇ.ഡി.ബിയുടെ പ്രതിബദ്ധതയാണ് ഈ ദീർഘകാല പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
Content Highlights: Kingdom Projects and Indian Hotels Company announced three Bahrain projects worth $100 million, including a Taj hotel, Bombay Brasserie and Hamleys.
Published: 03 Nov 2026, 11:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented