മനാമ: ബഹ്‌റൈനിൽ ഇതുവരെ നാല് ലക്ഷത്തിലധികം ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്‌മാൻ അൽ ഖലീഫ അറിയിച്ചു.

To advertise here,

2023 മാർച്ച് 12ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്ത ഇ-പാസ്‌പോർട്ട് പദ്ധതിയിലൂടെ ഇതുവരെ 4,00,000ത്തിലധികം പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശപ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് പദ്ധതി നടപ്പാക്കിയത്.

സർക്കാർ സേവനങ്ങൾ ആധുനികവൽക്കരിക്കുകയും പൗരന്മാർക്ക് സമഗ്രവും നൂതനവുമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പാസ്‌പോർട്ട് പദ്ധതി നടപ്പാക്കിയത്.

പാസ്‌പോർട്ടിന്റെ കാലാവധി തീരാൻ രണ്ട് വർഷമോ അതിൽ കുറവോ ശേഷിക്കുന്ന പൗരന്മാർക്ക് ഇപ്പോൾ തന്നെ പുതുക്കലിനായി അപേക്ഷിക്കാനും ഇലക്ട്രോണിക് പാസ്‌പോർട്ട് നേടാനും സാധിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്തി മുൻകൂട്ടി നടപടികൾ പൂർത്തിയാക്കണമെന്ന് അണ്ടർസെക്രട്ടറി പൗരന്മാരോട് അഭ്യർഥിച്ചു.

പാസ്‌പോർട്ട് വിതരണം ചെയ്യുന്നതും പുതുക്കുന്നതും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ബഹ്‌റൈൻ ഔദ്യോഗിക പോർട്ടൽ വഴിയോ വിവിധ സേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. പൗരന്മാരുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കുന്ന സൗകര്യപ്രദമായ മാർഗങ്ങളാണിവ.

വകുപ്പിന്റെ ആസ്ഥാനത്തുള്ള എക്‌സ്പ്രസ് സർവീസ് സെന്റർ വഴി അപേക്ഷ സമർപ്പിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഇ-പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്‌പോർട്ടുകൾ എളുപ്പത്തിൽ കൈപ്പറ്റുന്നതിനായി ബഹ്‌റൈനിലും വിദേശത്തും ഡെലിവറി സേവനവും ലഭ്യമാണ്.

സേവന നടപടികൾ വേഗത്തിലാക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്‌മാൻ അഭിനന്ദിച്ചു. ഇലക്ട്രോണിക് പാസ്‌പോർട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും സ്ഥാപനപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സേവന സംവിധാനങ്ങൾ തുടർന്നും വികസിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.