മനാമ: ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്ന് നിന്നാൽ അവരും നമ്മളെ ചേർത്ത് പിടിക്കും എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് മനസ്സിലായതെന്ന് പത്തനാപുരം എം.എൽ.എ. ജ്യോതികുമാർ ചാമക്കാല. ഒ.ഐ.സി.സി. കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം വിജയസാധ്യത കൂടിയ മറ്റ് പല സീറ്റിലും തന്നെ പരിഗണിച്ചിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചു വർഷം പത്തനാപുരംകാരോട് ചേർന്നുനിന്നപ്പോൾ അവർ തന്റെ കൂടെ നിൽക്കും എന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു. പരാജയത്തിൽനിന്ന് വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നും ഇല്ല. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് തന്നെ മുന്നോട്ട് നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന സർവ്വേകൾ എല്ലാം തന്റെ പരാജയം ആണ് പ്രവചിച്ചത്. എക്‌സിറ്റ് പോളുകളും അങ്ങനെ തന്നെ ആണ് വിധി എഴുതിയത്. പക്ഷേ പത്തനാപുരത്ത് വിജയിക്കാം എന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ജ്യോതികുമാർ ചാമക്കാല അഭിപ്രായപെട്ടു.

ഒ.ഐ.സി.സി. കൊല്ലം ജില്ലാ പ്രസിഡന്റ് വില്യം ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, സൈദ് എം.എസ്, ഷമീം കെ.സി, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, ട്രഷറർ ലത്തീഫ് ആയഞ്ചേരി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, സെക്രട്ടറി രജിത് മൊട്ടപ്പാറ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മനോജ് മാത്യു, ജില്ലാ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ, ഐ.വൈ.സി. ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ അറിയിച്ചു. ഒ.ഐ.സി.സി. കൊല്ലം ജില്ലാ ഭാരവാഹികളായ റോയ് മാത്യു, അനുരാജ്, ആനി അനു, ബിജു വൈദ്യൻ എന്നിവർ നേതൃത്വം നൽകി.