മനാമ: ഇന്ത്യയുടെ ഭാഷാ പൈതൃകത്തിന്റെയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും സമ്പന്നത ഉയർത്തിക്കാട്ടി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി.) ഈ വർഷത്തെ മലയാളം, സംസ്‌കൃത ദിനം സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളത്തിന്റെയും സംസ്‌കൃതത്തിന്റെയും സാഹിത്യസൗന്ദര്യം, കലാപരമായ ആവിഷ്‌കാരങ്ങൾ, സാംസ്‌കാരിക പ്രാധാന്യം എന്നിവ ആഘോഷത്തിൽ പ്രകടമായി.

To advertise here,

ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി ദീപം തെളിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വറുഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മലയാളം-സംസ്‌കൃത വിഭാഗം മേധാവി വി.ബി. ശരത്, പ്രധാന അധ്യാപകർ, മറ്റ് വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ആദ്യജ സന്തോഷ് സ്വാഗതം പറഞ്ഞു.

കേരളത്തിന്റെ പാരമ്പര്യങ്ങളെയും കലാപൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന നിരവധി കലാപരിപാടികൾ അരങ്ങേറി. തിരുവാതിരക്കളി, ഒപ്പന, മാർഗംകളി, അക്ഷരശ്ലോകം, കവിതാപാരായണം, സംഘഗാനം, കഥപറച്ചിൽ, ദഫ്മുട്ട്, ബാൻഡ് മേളം എന്നിവ കാണികളെ ആകർഷിച്ചു. തലമുറകളായി പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഭാഷയുടെയും കലയുടെയും പങ്ക് ഊന്നിപ്പറയുന്നതിനൊപ്പം, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിലേക്കുള്ള നേർക്കാഴ്ചയും ഈ പ്രകടനങ്ങൾ സമ്മാനിച്ചു.

ഭാഷ, സാഹിത്യ സർഗാത്മകത, പാരായണം, വായന, കൈയക്ഷരം, കലാപരമായ ആവിഷ്‌കാരം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രാവീണ്യം പ്രകടിപ്പിക്കാൻ മത്സരങ്ങൾ അവസരമൊരുക്കി. വിജയികൾ സ്‌കൂൾ അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

ശശാങ്കിത് രൂപേഷ് അയ്യർ നന്ദി പറഞ്ഞു. ദേവശ്രീ സി. സുശാന്ത്കുമാർ അവതാരകയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.