മനാമ: ഇന്ത്യൻ സ്‌കൂളിന്റെ നിലവിലെ ഭരണസമിതിയുടെ ഗുരുതരമായ കെടുകാര്യസ്ഥതയും ഭരണപരമായ വീഴ്ചകളും സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ പാനലായിരുന്ന ഐ.എസ്.പി.എഫും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്‌കൂളിനോടൊപ്പം നിലിനിന്നിരുന്ന ഇൻഡക്‌സ് എന്ന സംഘടനയും യുണൈറ്റഡ് പാരന്റ്‌സ് പാനലിലേക്ക് ചേരുകയും യു.പി.പി എന്ന ഒറ്റ ശക്തിയായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ജനറൽ ബോഡി യോഗത്തിൽ ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളുടെ വിഷയമാണ് പ്രധാന അജണ്ടയായി പ്രഖ്യാപിച്ചിരുന്നത്.. എന്നാൽ, ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളെ യോഗത്തിൽനിന്ന് ഒഴിവാക്കി, ഫീസ് അടച്ച രക്ഷിതാക്കളെ മാത്രം പങ്കെടുപ്പിച്ചത് പ്രശ്‌നപരിഹാരത്തിന് ആത്മാർഥമായ ശ്രമമായിരുന്നില്ലെന്നു യു.പി.പി അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹരിക്കണമെങ്കിൽ ഭരണസമിതിയും കുടിശ്ശികയുള്ള രക്ഷിതാക്കളും തമ്മിൽ തുറന്ന ആശയവിനിയവും മനസ്സിലാക്കലുകളും നടക്കേണ്ടതുണ്ട്. ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളെ ജനറൽ ബോഡിയിൽ പങ്കെടുപ്പിക്കാതിരിക്കുകയും തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കുകയും ചെയ്യുന്ന സമീപനം സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് യു.പി.പി അഭിപ്രായപ്പെട്ടു.
അതേസമയം, രക്ഷിതാക്കളെ എതിരാളികളായി കാണാതെ സ്‌കൂളിന്റെ പങ്കാളികളായി കാണുന്ന സമീപനം ഭരണസമിതി സ്വീകരിക്കണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സുതാര്യവും കാര്യക്ഷമവുമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു.
മുൻകാലങ്ങളിലെ ഭരണ സമിതികൾ അധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയിരുന്നതാണ്. വെക്കേഷൻ സമയത്ത് രണ്ടു മാസത്തെ ലീവ് സാലറിയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ശമ്പളം പോലും പല ഗഡുക്കളായാണ് നൽകുന്നത്. ലീവ് സാലറിയുടെ കാര്യത്തിൽ ഇത് വരെ ഒരുറപ്പും നൽകിയിട്ടുമില്ല. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വേണ്ട രീതിയിലുള്ള സുരക്ഷ ഒരുക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഈ നിലയും സാഹചര്യവും തുടർന്നാൽ ഭാവിയിൽ ഇന്ത്യൻ സ്‌കൂൾ എന്ന സ്ഥാപനത്തിന്റെ തകർച്ചക്ക് തന്നെ ഇതൊക്കെ കാരണമായി തീരുമെന്നും യു.പി.പി നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർത്താസമ്മേളനത്തിൽ ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസൽ, അനീഷ് വർഗീസ്, ചന്ദ്രബോസ്, അബ്ബാസ് സേഠ്, മൻഷീർ, ചന്ദ്രൻ വളയം, ഷിബിൻ, ജൂഡി വർഗീസ് എന്നീ നേതാക്കൾ പങ്കെടുത്തു .
Published: 02 Jul 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented