മനാമ: മനുഷ്യക്കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും (ഐ.പി.എ.) ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എൽ.എം.ആർ.എ.) സംയുക്ത പരിശീലന-ശേഷിവികസന പരിപാടിക്ക് തുടക്കമിട്ടു.

To advertise here,

തൊഴിലാളികളുടെ അവബോധവും അറിവും വർധിപ്പിക്കുക, സംരക്ഷണവും സാമൂഹിക നീതിയും സംബന്ധിച്ച പ്രൊഫഷണൽ, സ്ഥാപനപരമായ രീതികൾ മെച്ചപ്പെടുത്തുക, മനുഷ്യക്കടത്തിനെതിരായ ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 

ഏതൊരു സ്ഥാപനത്തിന്റെയും വിജയം തൊഴിലാളികളുടെ ശാക്തീകരണത്തിലൂടെയാണ് ആരംഭിക്കുന്നതെന്ന് ഐ.പി.എ. ഡയറക്ടർ ജനറൽ ഡോ. ശൈഖ റാണ ബിൻത് ഇസ ബിൻ ദുഐജ് അൽ ഖലീഫ പറഞ്ഞു. 

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര മികച്ച രീതികൾ നടപ്പാക്കുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് എൽ.എം.ആർ.എ. ചീഫ് എക്സിക്യൂട്ടീവും മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റിയുടെ ചെയർമാനുമായ നിബ്രാസ് താലിബ് പറഞ്ഞു. 

സംരക്ഷണവും അവബോധവും ശേഷിവികസനവും ഉറപ്പാക്കുന്ന ദേശീയ ദർശനത്തിന്റെ ഭാഗമായാണ് ബഹ്റൈൻ മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.