മനാമ: അന്താരാഷ്ട്ര മിക്‌സഡ് മാർഷ്യൽ ആർട്‌സ് രംഗത്തെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രേവ് കോംബാറ്റ് ഫെഡറേഷൻ (ബ്രേവ് സി.എഫ്.) പ്രസിഡന്റ് മുഹമ്മദ് ഷാഹിദ്, അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷൻ (യു.എഫ്.സി.) പ്രതിനിധികളുമായി ബഹ്‌റൈനിൽ കൂടിക്കാഴ്ച നടത്തി.
അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യു.എസ്. എംബസി സംഘടിപ്പിച്ച ‘ഫ്രീഡം 250 സ്പോർട്സ് ഡിപ്ലോമസി’ പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കായിക വിനിമയത്തിനുള്ള പ്രാധാന്യമാണ് പരിപാടി ഉയർത്തിക്കാട്ടിയത്. ബ്രേവ് സി.എഫ്. പിന്തുടരുന്നവരാണ് യു.എഫ്.സി. പ്രതിനിധികളെന്നും ഫെഡറേഷനെ അവർ ആദരവോടെയാണ് കാണുന്നതെന്നും മനസ്സിലാക്കിയത് ഏറെ അർഥവത്തായ അനുഭവമായിരുന്നുവെന്ന് ഷാഹിദ് പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോരാളികൾക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിനായി കഴിഞ്ഞ ഒരു ദശകമായി പ്രവർത്തിച്ചുവരികയാണെന്ന് ഷാഹിദ് വ്യക്തമാക്കി. ലഭിച്ച അംഗീകാരം ലക്ഷ്യങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ പ്രചോദനമാകുന്നു. മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിലൂടെ പുതിയ ആശയങ്ങൾ പങ്കുവെക്കാനും കായികരംഗത്തിന്റെ തുടർവികസനത്തിന് സംഭാവന നൽകാനുള്ള വഴികൾ പരിശോധിക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എഫ്.സി. സംഘത്തിൽ മിഡിൽവെയ്റ്റ് താരം എറിക് ‘യാ ബോയ്’ ആൻഡേഴ്‌സ്, ഹെവിവെയ്റ്റ് താരം ഷോൺ ‘ദി സ്‌മോക്ക്’ ഷറഫ് എന്നിവരും ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിലാന്ത്രോപ്പി ആൻഡ് കമ്മ്യൂണിറ്റി ഇംപാക്ട് വിഭാഗം വൈസ് പ്രസിഡന്റുമായ ബ്രയാൻ സ്മിത്തും ഉൾപ്പെട്ടിരുന്നു.
ബഹ്‌റൈനിലെ യു.എസ്. അംബാസഡർ സ്റ്റെഫാനി ഹാലറ്റും ബഹ്‌റൈൻ ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ആഘോഷിക്കുന്നതായിരുന്നു പരിപാടി. സഹകരണത്തിനും വൈദഗ്ധ്യ കൈമാറ്റത്തിനുമുള്ള വേദിയായി സ്പോർട്സ് ഡിപ്ലോമസി പ്രവർത്തിച്ചു.
ബ്രേവ് സി.എഫ്. പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കൂടിക്കാഴ്ച നടന്നത്. 2016-ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 39 രാജ്യങ്ങളിലായി 100-ലധികം പരിപാടികൾ സംഘടിപ്പിക്കാൻ ഫെഡറേഷന് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങൾ ഇതിലൂടെ ഒരുക്കി.
തങ്ങളുടെ കാഴ്ചപ്പാട് ഒറ്റപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിരുകൾക്കപ്പുറം പ്രതിഭകളെയും കാണികളെയും അവസരങ്ങളെയും ബന്ധിപ്പിക്കുന്ന സുസ്ഥിരമായ ഘടന കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഷാഹിദ് പറഞ്ഞു.
രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോൾ പോരാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും മിക്‌സഡ് മാർഷ്യൽ ആർട്‌സ് രംഗത്ത് കൂടുതൽ പരസ്പരബന്ധിതമായ ഭാവി രൂപപ്പെടുത്തുന്നതിനും ബ്രേവ് സി.എഫ്. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും വ്യവസായ മേഖലയിലെ ബന്ധങ്ങൾ വളർത്തുന്നതിനും ബഹ്‌റൈനിലെ സ്വീകരണച്ചടങ്ങ് മറ്റൊരു അവസരമായി.
Content Highlights: BRAVE CF president Mohammed Shahid met representatives of the Ultimate Fighting Championship in Bahrain.
Published: 03 Nov 2026, 01:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented