മനാമ: ബിയോൺ കണക്ടും ബഹ്റൈനിലെ പ്രമുഖ ഫിൻടെക്- ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സേവന കമ്പനിയായ ബെനഫിറ്റും അന്താരാഷ്ട്ര വിപണികളിൽ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 'ഫിൻടെക് ഫോർവേർഡ് 2026'-ൽ ബിയോൺ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ ഖലീഫ, ബെനഫിറ്റ് ബോർഡ് ചെയർപേഴ്‌സൺ മുന അൽ ഹാഷെമി എന്നിവരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബിയോൺ കണക്ട് സി.ഇ.ഒ. റിച്ചാർഡ് ബുഡെൽ, ബെനഫിറ്റ് സി.ഇ.ഒ. അബ്ദുൽവാഹിദ് അൽ ജനഹി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഡിജിറ്റൽ ഐഡന്റിറ്റി, ഡിജിറ്റൽ പേയ്മെന്റുകൾ, ക്രെഡിറ്റ് ബ്യൂറോ, വിവര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ബഹ്റൈൻ ആസ്ഥാനമായ രണ്ട് പ്രമുഖ ഡിജിറ്റൽ സ്ഥാപനങ്ങളുടെയും പരസ്പര പൂരകമായ ശേഷികളും വൈദഗ്ധ്യവും സഹകരണത്തിലൂടെ സംയോജിപ്പിക്കപ്പെടുന്നു.

To advertise here,

ധാരണാപത്രപ്രകാരം അന്താരാഷ്ട്ര വിപണികളിൽ ഫിൻടെക് സേവനങ്ങളിൽ സഹകരണത്തിനുള്ള സാധ്യത ബിയോൺ കണക്ടും ബെനഫിറ്റും പരിശോധിക്കും. ബിസിനസ് അവസരങ്ങളും വിപണികളും കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുക, പ്രസക്തമായ അറിവുകളും വിപണി ഉൾക്കാഴ്ചകളും കൈമാറുക, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, നിയന്ത്രണ അതോറിറ്റികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി സഹകരണം തേടുക എന്നിവ ഉൾപ്പെടുന്നു.

ബഹ്റൈൻ ശക്തവും പരസ്പരബന്ധിതവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ മുന്നേറ്റം നിലനിർത്തുന്നതിന് പരസ്പര പൂരകമായ ശേഷികളുള്ള സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് ബിയോൺ കണക്ട് സി.ഇ.ഒ. റിച്ചാർഡ് ബുഡെൽ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സേവന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബെനഫിറ്റ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്, അവരുമായുള്ള സഹകരണത്തിനായുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിൽ സന്തോഷമുണ്ട്. വിശ്വസനീയമായ ഡിജിറ്റൽ ഐഡന്റിറ്റി, സാമ്പത്തിക അടിസ്ഥാന സൗകര്യ ശേഷികൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, അന്താരാഷ്ട്ര തലത്തിൽ പുതിയ ഫിൻടെക് അവസരങ്ങൾ പര്യവേഷണം ചെയ്യാനും ബഹ്റൈനിൽ വികസിപ്പിച്ചെടുത്ത ശേഷികൾ അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാനും അവസരമൊരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസ്തമായ ദേശീയ പ്ലാറ്റ്ഫോമുകളിലും പൊതു- സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണത്തിലുമാണ് ബഹ്റൈന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ബെനഫിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുൾവാഹിദ് അൽജനഹി പറഞ്ഞു. ബിയോൺ കണക്റ്റുമായി ഒപ്പുവെച്ച ധാരണാപത്രം, ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ പ്രധാന മേഖലകളിൽ പരസ്പര പൂരകമായ കഴിവുകളെ സംയോജിപ്പിക്കുകയും, അന്താരാഷ്ട്ര വിപണികളിൽ ഫിൻടെക് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശക്തമായ അടിത്തറയൊരുക്കുകയും ചെയ്യുന്നു. രാജ്യത്തിന് പുറത്തും മൂല്യം സൃഷ്ടിക്കാൻ സംയുക്ത വൈദഗ്ധ്യം പ്രയോജനപ്പെടുത്താവുന്ന മേഖലകൾ കണ്ടെത്തുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.