മനാമ: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം സ്വാഗതാർഹമാണെന്ന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

To advertise here,

ഇന്ത്യ മഹാരാജ്യത്തെ നീതിപൂർവമായ തെരഞ്ഞെടുപ്പിന് നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വോട്ടർപട്ടിക ക്രമീകരണങ്ങളിലെ സുതാര്യതയില്ലായ്മയും പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശം സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ചകളും ജനാധിപത്യ സംവിധാനത്തിന് കനത്ത ഭീഷണിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിദേശത്തുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കണം. കമ്മീഷന്റെ ഭരണഘടനാപരമായ സ്വയംഭരണാധികാരം വീണ്ടെടുക്കുന്നതിനും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും ശക്തമായ നടപടികൾ അത്യന്താപേക്ഷിതമാണ്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി കേരള നിയമസഭ ഉയർത്തിയ ഈ ശബ്ദം കേന്ദ്ര സർക്കാരും ഭരണഘടനാ സ്ഥാപനങ്ങളും ഗൗരവമായി പരിഗണിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.