മനാമ: ബഹ്റൈനിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രാദേശിക മത്സരശേഷിയും വിപണിയിലേക്കുള്ള പ്രവേശനവും ശക്തിപ്പെടുത്തുന്നതിൽ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ച്, മെയ്ഡ് ഇൻ ജിസിസി 2026' ഫോറം ആൻഡ് എക്‌സിബിഷനിൽ വെച്ച് സുൽബ് കമ്പനിക്ക് ജി.സി.സി. ഇൻഡസ്ട്രിയൽ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. 2026 ഒക്ടോബർ 6 മുതൽ 8 വരെ 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' നടന്ന ഫോറം ആൻഡ് എക്‌സിബിഷനിടെ, ഫൗലത്ത് ഹോൾഡിംഗ് ഗവൺമെന്റ് റിലേഷൻസ് മാനേജരായ അലി അബ്ദുല്ല ഫക്രോ, അവാർഡ് ഏറ്റുവാങ്ങി. ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള 'തകാമുൽ' സംരംഭത്തിന് കീഴിൽ സുൽബ് കൈവരിച്ച നേട്ടങ്ങളെയാണ് ഈ അംഗീകാരം എടുത്തുകാട്ടുന്നത്. യോഗ്യതയുള്ള ബഹ്റൈൻ ഉൽപ്പന്നങ്ങൾക്ക് സൗദി വിപണിയിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ സംരംഭം വഴിയൊരുക്കുന്നു.

To advertise here,

ഈ സംരംഭം പ്രയോജനപ്പെടുത്തി, സൗദിയിലെ 'ലോക്കൽ കണ്ടന്റ് ആൻഡ് ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റി'യുമായി സഹകരിച്ച് സുൽബ് തങ്ങളുടെ യോഗ്യമായ ഉൽപ്പന്നങ്ങളെ 'മാൻഡേറ്ററി ലിസ്റ്റിൽ' (നിർബന്ധിത പട്ടികയിൽ) ഉൾപ്പെടുത്തി. സൗദി മാൻഡേറ്ററി ലിസ്റ്റിൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തപ്പെട്ട ആദ്യത്തെ ബഹ്റൈൻ കമ്പനിയായി സുൽബ് മാറി. മാൻഡേറ്ററി ലിസ്റ്റിലുള്ള ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന സൗദി സർക്കാർ, പൊതുമേഖലാ പദ്ധതികളിൽ സുൽബ് പങ്കാളികളാകാൻ ഈ നേട്ടം സഹായകമാകും. സൗദി അറേബ്യയിൽ ബഹ്റൈൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, അവയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും, സൗദിയുടെ പ്രാദേശിക ഉൽപ്പന്ന-സർക്കാർ സംഭരണ ചട്ടക്കൂടിൽ നിന്നുള്ള നേട്ടങ്ങൾ കൈവരിക്കുന്നതിനുമുള്ള കമ്പനിയുടെ വിപണി പ്രവേശന തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.

മെയ്ഡ് ഇൻ ജിസിസി 2026'-ൽ ജി.സി.സി. ഇൻഡസ്ട്രിയൽ എക്‌സലൻസ് അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സുൽബ് ചെയർമാൻ ഫൈസൽ അൽ-റൂമി പറഞ്ഞു. ബഹ്റൈനിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രധാനപ്പെട്ട പ്രാദേശിക വിപണികളിലേക്കുള്ള അവയുടെ ലഭ്യത വിപുലീകരിക്കുന്നതിനുമായി സുൽബ് നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. 'തകാമുൽ'പദ്ധതിക്ക് കീഴിലുള്ള ഈ നേട്ടം, വ്യാവസായിക ഏകീകരണം ശക്തിപ്പെടുത്തുന്നതിലൂടെ ജി.സി.സി. യിലെ നിർമ്മാതാക്കൾക്ക് കൈവരിക്കാനാവുന്ന പ്രായോഗിക അവസരങ്ങളെയാണ് വ്യക്തമാക്കുന്നത്.' ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള വ്യാവസായിക ഏകീകരണം ശക്തിപ്പെടുത്തുന്നതിലും, സൗദി വിപണിയിൽ മത്സരിക്കാനും വളരാനും ബഹ്റൈൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും 'തകാമുൽ' പദ്ധതിക്കുള്ള പ്രായോഗിക പ്രാധാന്യത്തെയാണ് ഈ നേട്ടം തെളിയിക്കുന്നത്.