മനാമ: ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ മേഖല വികസിപ്പിക്കുന്നതിനും സേവനങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും നിവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാം നിർണായക ചുവടുവെപ്പാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്സിഎച്ച്) ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.

To advertise here,

സുസ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷാ സംവിധാനമെന്ന ബഹ്റൈന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും മെച്ചപ്പെടുത്താൻ ഏകോപിത പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രോഗ്രാം നടപ്പാക്കുന്നതിന് പിന്തുണ നൽകുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) പ്രവർത്തനങ്ങളെ എസ്സിഎച്ച് ചെയർമാൻ അഭിനന്ദിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള തുടർച്ചയായ ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രോഗ്രാമിനെയും അതിന്റെ നേട്ടങ്ങളെയും പരിചയപ്പെടുത്തുന്നതിനുള്ള ബോധവത്കരണ കാമ്പെയ്‌നുകൾ ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഒക്ടോബർ 31ന് പ്രോഗ്രാം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള നടപടിക്രമങ്ങളുടെ പുരോഗതിയും താമസക്കാരെയും തൊഴിലുടമകളെയും ലക്ഷ്യമിട്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. കൗൺസിലിന്റെ ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളും എൽഎംആർഎയും തമ്മിലുള്ള ഇലക്ട്രോണിക് സംയോജനവും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും യോഗത്തിൽ വിശദീകരിച്ചു. ഫീസ് അടയ്ക്കൽ, ഇൻഷുറൻസ് പോളിസികളും പ്രത്യേക ഇൻഷുറൻസ് കാർഡുകളും നൽകൽ എന്നിവയിലൂടെ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

പ്രോഗ്രാമിന് പിന്തുണ നൽകുന്ന എൽഎംആർഎയുടെ ശ്രമങ്ങളെ ആരോഗ്യ മന്ത്രിയും അഭിനന്ദിച്ചു. സംയോജിത സർക്കാർ പ്രവർത്തനത്തെയും ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പ്രോഗ്രാമിന്റെ പരിധിയിൽ വരുന്ന വിഭാഗങ്ങൾക്ക് സേവനലഭ്യത സുഗമമാക്കുന്നതിനുമുള്ള പൊതുവായ പ്രതിബദ്ധതയെയും ഈ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ സംരംഭം നടപ്പാക്കുന്നതിനും നിശ്ചിത ആവശ്യകതകൾക്ക് അനുസൃതമായി ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, ആരോഗ്യ മന്ത്രാലയം, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുമായി തുടർച്ചയായി ഏകോപനം നടത്തുമെന്ന് എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് മുഹമ്മദ് താലിബ് വ്യക്തമാക്കി.