മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സെയ്ദിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ബുധനാഴ്ച സ്വീകരിച്ചു.
ഇറാഖ് പ്രധാനമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ക്രിയാത്മകമായ ഇടപെടലുകളും സഹകരണവും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാജാവ് പറഞ്ഞു. ഇറാഖിനെ സേവിക്കുന്നതിലും വളർച്ചയ്ക്കും പുരോഗതിക്കുമായുള്ള ഇറാഖി ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിലും പ്രധാനമന്ത്രിക്ക് വിജയം നേരുന്നതായും അദ്ദേഹം ആശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ വിവിധ വശങ്ങളും പരസ്പര താൽപ്പര്യങ്ങൾക്കനുസൃതമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും അതിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകളും രാജാവും ഇറാഖ് പ്രധാനമന്ത്രിയും അവലോകനം ചെയ്തു. ഇറാഖ് റിപ്പബ്ലിക് പ്രസിഡന്റ് നിസാർ മുഹമ്മദ് സയീദ് അമിദിക്ക് രാജാവ് അഭിവാദ്യങ്ങൾ അറിയിച്ചു.
ബഹ്‌റൈനും ഇറാഖും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധത്തെ രാജാവ് പ്രശംസിച്ചു. ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ പിന്തുണയോടെ ഈ ബന്ധം എല്ലാ തലങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈനുമായുള്ള അടുത്ത ബന്ധം ദൃഢമാക്കുന്നതിനുമുള്ള ഇറാഖ് പ്രധാനമന്ത്രിയുടെ ശ്രമങ്ങളെയും പ്രതിബദ്ധതയെയും രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈനോടുള്ള ഇറാഖിന്റെ നിലപാടും ഐക്യദാർഢ്യവും പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണത്തെ ഇറാഖ് അപലപിച്ചതിനെയും രാജാവ് അഭിനന്ദിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള കാര്യങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും നന്മ മുൻനിർത്തി പിന്തുണ നൽകുമെന്ന് രാജാവും ഇറാഖ് പ്രധാനമന്ത്രിയും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രാധാന്യവും സംയുക്ത സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇറാഖ് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മേഖലയിൽ സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ പാകുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
Content Highlights: Bahrain’s king and Iraq’s prime minister reviewed bilateral relations and discussed cooperation, regional stability and recent developments in the Middle East.
Published: 05 Nov 2026, 12:03 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented