മനാമ:പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടിയായ സുവർണ്ണം 2026 മ്യൂസിക്കൽ മെഗാ ഷോ നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. കേരളത്തിലെ പ്രമുഖ സംഗീത ബാൻഡായ ഭാഗ്യരാജ് ആൻഡ് ബാൻഡാണ് സംഗീത വിരുന്നൊരുക്കാൻ ബഹ്റൈനിലെത്തുന്നത്. സ്റ്റാർ സിംഗർ മത്സരത്തിലൂടെ ശ്രദ്ധേയരായ ഗായകരായ പാർവതി മേനോനും മിഥുനും സംഗീത പരിപാടിയിൽ അണിചേരും. കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സംഘടന, വിവിധ സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ അസോസിയേഷന്റെ നേതൃത്വത്തിൽ ഏകദേശം 7,500 അംഗങ്ങളുള്ള ജോബ് സെല്ലും പ്രവർത്തിച്ചുവരുന്നു. പ്രവാസികൾക്ക് തൊഴിൽ സംബന്ധമായ സഹായങ്ങളും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജോബ് സെല്ലിന്റെ പ്രവർത്തനം. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി., രക്ഷാധികാരി വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർമാരായ ബിജിൻ, മോൻസി ബാബു എന്നിവരുടെ നേതൃത്വത്തിൽ 30-ലധികം അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രത്യേക സുവർണ്ണം പ്രോഗ്രാം കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് സംഗീതവും ആഘോഷവും ഒത്തുചേരുന്ന ഒരു മനോഹര സായാഹ്നം സമ്മാനിക്കുകയാണ് സുവർണ്ണം 2026-ലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായതിനാൽ ബഹ്റൈനിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും നവംബർ 5 വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്ബിലേക്ക് ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.
Published: 01 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented