ന്യൂസീലന്‍ഡിലെ വടക്കന്‍ ദ്വീപിലെ അഗ്‌നിപര്‍വ്വതങ്ങളുള്ള തോങ്ങാറിറോ (Tongariro) ഭൂപ്രദേശത്തിലുടെ നീണ്ടൊരു കാല്‍നട യാത്ര നടത്താന്‍ പദ്ധതിയിട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ വീട്ടുകാരോട് ഇക്കാര്യം പറയാന്‍ ധൈര്യമില്ലായിരുന്നു. സജീവമായ അഗ്‌നിപര്‍വ്വങ്ങളുള്ള ഭൂപ്രദേശത്തിലൂടെ ട്രക്കിങ്ങിന് പോകാന്‍ ഏത് മാതാപിതാക്കളാണ് അറിഞ്ഞു കൊണ്ട് സമ്മതം മൂളുക? പ്രത്യേകിച്ച് ഏത് സമയത്തും അഗ്‌നിപര്‍വ്വത സ്ഫോടനം ഉണ്ടാകാമെന്ന് തോങ്ങാറിറോ ദേശീയ ഉദ്യാന അധികൃതര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍.
ന്യൂസീലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണില്‍ നിന്ന് കാര്‍ മാര്‍ഗമാണ് ട്രക്കിങ്ങിന് തോങ്ങാറിറോ ദേശീയ ഉദ്യാനത്തിലേക്ക് പുറപ്പെട്ടത്. അതേ സമയം തോങ്ങാറിറോ ദേശീയ ഉദ്യാനത്തിലെ  റൂഅപെഹു (Ruapehu) പര്‍വ്വതത്തില്‍ അഗ്‌നിപര്‍വ്വത പ്രവര്‍ത്തനം ശക്തമായതിനാല്‍ മുന്നറിയപ്പ് തോത് ഒന്നില്‍ നിന്ന് രണ്ടിലേക്ക് ഉയര്‍ത്തി. ഒപ്പം റൂഅപെഹു പര്‍വ്വതത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ട്രക്കിങ്ങിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം എന്ന നിലയില്‍ ട്രക്കിങ്ങിന് പോകാന്‍ തന്നെ മനസ്സുറപ്പിച്ചൂ.

To advertise here,