രാജ്യതലസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർമന്തറിനെ ഒഴിവാക്കിയതിൽ വെളിപ്പെടുന്നത് ഭരണകൂടഭീരുത്വമാണ്. ജനകീയപ്രതിഷേധങ്ങളോടുള്ള ഭീതി ഭരണകൂടഭീകരതയുടെ രൂപംപൂണ്ടതാണ് കഴിഞ്ഞ വാരാന്ത്യത്തിൽ കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി.)യുടെ സമരത്തിനുനേരേ പ്രയോഗിച്ചുകണ്ടത്. മൂന്നുപതിറ്റാണ്ടായി രാജ്യത്തെ പ്രധാന പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ജന്തർമന്തർ ഇത്തവണ സി.ജെ.പി.യുടെ സമരത്തിന് വിട്ടുകൊടുത്തിരുന്നില്ല. കഴിഞ്ഞ ജൂലായിൽ ‘നീറ്റ്’ പരീക്ഷാക്രമക്കേടിനെതിരേ സി.ജെ.പി. നടത്തിയ ഐതിഹാസികസമരത്തിന്റെ വേദി ജന്തർമന്തറായിരുന്നു. ഇത്തവണ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.) ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് അതേ സമരാങ്കണത്തിലിറങ്ങാൻ അനുമതി ചോദിച്ച് സി.ജെ.പി. കത്തുനൽകിയതിന് തൊട്ടുപിന്നാലെയാണ് ഡൽഹി പോലീസിന്റെ ഉത്തരവിറങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശപ്രകാരമാണ് ജന്തർമന്തറിനെ സമരവേദിയല്ലാതാക്കുന്നതെന്ന് ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ ഉത്തരവിൽ വ്യക്തമാക്കി. നഗരത്തിനകത്തെ രാംലീല മൈതാനം, നഗരപ്രാന്തത്തിലെ ബുറാഡി മൈതാനം, കിഴക്കൻ ഡൽഹിയിലെ ശാഹ്ദ്രയിലുള്ള സി.ബി.ഡി. മൈതാനം എന്നിവിടങ്ങളെ പുതിയ സമരവേദികളായി പ്രഖ്യാപിച്ചു. ആയിരംപേർവരെയെങ്കിൽ ജന്തർമന്തറിലും അതിൽക്കൂടുതലെങ്കിൽ രാംലീല, ബുറാഡി മൈതാനങ്ങളിലും പ്രതിഷേധിക്കാൻ അനുവദിക്കുന്നതായിരുന്നു നേരത്തേ പോലീസിന്റെ മാർഗരേഖ. ഇപ്പോൾ സി.ബി.ഡി. മൈതാനം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തരവർഷങ്ങളിൽ പാർലമെന്റ് മന്ദിരത്തിനരികിൽത്തന്നെ പ്രതിഷേധപരിപാടികൾ നടത്തുന്നതിന് തടസ്സമുണ്ടായിരുന്നില്ല. 1966 നവംബർ ഏഴിന്, രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ നടന്ന സമരം അക്രമാസക്തമാകുകയും പോലീസ് വെടിവെപ്പിൽ കലാശിക്കുകയുംചെയ്തു. എട്ടുപേർ മരിക്കാനിടയായ ആ സംഭവത്തെത്തുടർന്ന് പാർലമെന്റിനരികത്തുള്ള സമരങ്ങളും പ്രകടനങ്ങളും സർക്കാർ നിരോധിച്ചു. അതോടെ ഇന്ത്യാഗേറ്റിനടുത്ത് രാജ്പഥിലെ (ഇപ്പോൾ കർത്തവ്യപഥ്) ബോട്ട് ക്ലബ് മൈതാനം സ്ഥിരം സമരവേദിയായി. 1988-ൽ ഒരാഴ്ച നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തെത്തുടർന്ന് ഇവിടെയും നിയന്ത്രണങ്ങൾ വന്നു. 1993-ലാണ് ജന്തർമന്തറിനുസമീപത്തെ റോഡ് സമരങ്ങൾക്കുള്ള സ്ഥിരംവേദിയായി സർക്കാർ നീക്കിവെച്ചത് (പതിനെട്ടാം നൂറ്റാണ്ടിൽ ജയ്‌പുർ മഹാരാജാവ് ജയ്‌സിങ് രണ്ടാമൻ പണികഴിപ്പിച്ച ജ്യോതിശ്ശാസ്ത്ര നിരീക്ഷണാലയമാണ് വാസ്തവത്തിൽ ജന്തർമന്തർ). യു.പി.എ. സർക്കാരിന്റെ പതനത്തിനു കാരണമായതെന്ന് വിലയിരുത്തപ്പെടുന്ന ലോക്പാൽ സമരത്തിനും 2019-ലെ സി.എ.എ. വിരുദ്ധ സമരങ്ങൾക്കും കേരളത്തിൽനിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രതിഷേധങ്ങൾക്കുമെല്ലാം ജന്തർമന്തർപരിസരം വേദിയായി. ജൂലായിലെ സി.ജെ.പി. സമരമാണ് ഇവിടെ നടന്ന അവസാനത്തെ വലിയ സമരം. അതിനുശേഷം ചെറുസമരങ്ങൾ അനുവദിച്ചെങ്കിലും കുറച്ചായി പൂർണമായി അടച്ചിരിക്കുകയായിരുന്നു.

പാർലമെന്റ് മന്ദിരം, സുപ്രധാന മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്ററേയുള്ളൂ ജന്തർമന്തറിലേക്ക്. അതേസമയം, പുതിയ മൂന്ന് സമരവേദികളും ദൂരെയാണ്. രാംലീല മൈതാനം ന്യൂഡൽഹിമേഖലയിലാണെങ്കിലും ജന്തർമന്തറിൽനിന്ന് നാലുകിലോമീറ്ററോളം അകലെയാണ്. നിശ്ചിതസ്ഥലത്ത് പ്രതിഷേധിക്കാമെന്നതിനപ്പുറം ഇവിടെനിന്ന് ഗതാഗതത്തിരക്കുള്ള റോഡുകൾ കടന്ന് പാർലമെന്റ് മാർച്ചോ മറ്റോ എളുപ്പമല്ല. ജന്തർമന്തർ സ്ഥിതിചെയ്യുന്ന മധ്യ ഡൽഹിയിൽനിന്ന് 20 കിലോമീറ്ററോളം അകലെ വടക്കൻ ഡൽഹിയിലാണ് ബുറാഡി മൈതാനം. സി.ബി.ഡി. മൈതാനമാകട്ടെ 12 കിലോമീറ്ററോളം അകലെയും. തലസ്ഥാനത്തെ അധികാരസിരാകേന്ദ്രത്തിൽനിന്ന് അകലേക്ക് പ്രതിഷേധവേദികൾ മാറ്റാനുള്ള നരേന്ദ്രമോദിസർക്കാരിന്റെ തീരുമാനത്തിനുപിന്നിലുള്ളത് എതിർപ്പിനോടുള്ള ഭയമാണ്. ജൂലായിലെ സി.ജെ.പി.സമരത്തിനുമുൻപിൽ മുട്ടുമടക്കേണ്ടിവന്നത് കേന്ദ്രസർക്കാരിനെ ശരിക്കും വേവലാതിയിലാക്കിയിട്ടുണ്ട്.

To advertise here,