To advertise here,

കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യസഖ്യംഏകമനസ്സോടെ ഇന്നലെ നടത്തിയ സുപ്രീംകോടതിമാർച്ച്, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ (സി.ഇ.സി.) ഗ്യാനേഷ്‌ കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയപ്രക്ഷോഭത്തിൽ വഴിവിളക്കായി. പദവിയിൽ തുടരാൻ ഗ്യാനേഷ്‌കുമാർ അർഹനല്ലെന്ന മുറവിളിയുടെ അടിസ്ഥാനം വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ.) പ്രക്രിയയിലെ ഗുരുതരമായ വീഴ്ചകളാണ്. ഈ പ്രക്രിയയെക്കുറിച്ച് തിരഞ്ഞെടുപ്പുകമ്മിഷനിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായുള്ള മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു കാരണമായത്. അതുകൊണ്ടുതന്നെ, എസ്.ഐ.ആറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുഖ്യധാരാപ്രതിപക്ഷം സുപ്രീംകോടതിയുടെ മുൻപാകെയെത്തിയത് സമുചിതമായി. സമാധാനപരമായ പ്രതിഷേധസമരങ്ങൾക്കുപുറമേ ഭരണഘടനാനുസൃതമായ മറ്റൊരു പോരാട്ടമുഖംകൂടി തുറക്കുകയാണ് പ്രതിപക്ഷം ഇതുവഴി ചെയ്തിരിക്കുന്നത്. ജനായത്ത ഇന്ത്യയുടെ സമ്മതിദായക അടിത്തറ വിപുലമാക്കുകയെന്ന കർത്തവ്യം നിർവഹിക്കുന്നതിനുപകരം തിരഞ്ഞെടുപ്പുകമ്മിഷൻ അതു ശുഷ്‌കമാക്കുകയാണുചെയ്തതെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുള്ളതാണ്. മേയ് 27-ലെ വിധിയിൽ സുപ്രീംകോടതി എസ്.ഐ.ആർ. പ്രക്രിയയ്ക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ, പശ്ചിമബംഗാളിലും ഡൽഹിയിലും ഈ പ്രക്രിയയുടെഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ ഹർജികൾ നിലവിൽ പരമോന്നതകോടതിയുടെ പരിഗണനയിലുണ്ട്. ഇന്ത്യസഖ്യം ഇന്നലെ സമർപ്പിച്ച ഹർജികൾ ഇവയ്ക്കൊപ്പം പരിഗണിച്ചുകൊണ്ട്, മേയ് 27-ലെ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറാകണം.

 

ഇന്ത്യൻ ഭരണഘടന പൗരർക്കു നൽകുന്ന ഉറപ്പാണ് സാർവത്രിക പ്രായപൂർത്തിവോട്ടവകാശം. സി.ഇ.സി. ഗ്യാനേഷ്‌കുമാറിന്റെ കാർമികത്വത്തിൽ നടന്നുവരുന്ന എസ്.ഐ.ആർ.പ്രക്രിയ ആ ഉറപ്പിന്റെ ലംഘനമാണ്. പ്രക്രിയയുടെ മൂന്നുഘട്ടങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 13.37 കോടി വോട്ടർമാരാണ് കരടുപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടത്; ഒന്നാംഘട്ടം നടന്ന ബിഹാറിൽ 65 ലക്ഷംപേർ, രണ്ടാംഘട്ടത്തിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ 6.57 കോടി, മൂന്നാംഘട്ടത്തിൽ 6.15 കോടി. പ്രക്രിയ മുന്നോട്ടുപോകുംതോറും വെട്ടിമാറ്റലിന്റെ നിരക്ക് വർധിച്ചതും ശ്രദ്ധേയമാണ്. ബിഹാറിൽ 8.3 ശതമാനംപേരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 12.9 ശതമാനവും മൂന്നാംഘട്ടത്തിൽ പതിനേഴുശതമാനവുമായി. ഒന്നും രണ്ടും ഘട്ടങ്ങളിലായി 6.2 കോടിപ്പേരാണ് അന്തിമപട്ടികയിൽനിന്നു പുറത്തായത് (മൂന്നാംഘട്ടം പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ). എസ്.ഐ.ആർ.പട്ടികയിൽനിന്നു പുറത്തായവർക്കു വീണ്ടും പേരുചേർക്കാൻ ‘സ്പെഷ്യൽ ഡ്രൈവ്’ നടത്തുമെന്ന
തിരഞ്ഞെടുപ്പു കമ്മിഷന്റെ ഈയിടെയുള്ള പ്രഖ്യാപനം പിഴവുസമ്മതിക്കൽത്തന്നെയാണ്. രണ്ടാംഘട്ടത്തിൽ എസ്.ഐ.ആർ. പൂർത്തിയായ പശ്ചിമബംഗാളിൽ, പുറത്തായ 1,26,194 വോട്ടർമാരുടെ അപ്പീലുകളിൽ തീർപ്പായപ്പോൾ അതിൽ 1,13,943 പേരും പട്ടികയിൽ തിരിച്ചുകയറി. എന്താണ് ഇതിൽനിന്നു വ്യക്തമാകുന്നത്? സംസ്ഥാനത്ത് മുപ്പത്തിയേഴുലക്ഷത്തോളം അപ്പീലുകളിൽ ഇനിയും തീർപ്പാകാനുണ്ടെന്നതുകൂടി ഇവിടെ ഓർക്കണം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പുകമ്മിഷൻ രൂപവത്കരിച്ച പ്രത്യേക ട്രിബ്യൂണലുകളാണ് ബംഗാളിൽ അപ്പീലുകൾ പരിഗണിക്കുന്നത്.

 

എസ്.ഐ.ആറിനെതിരേ പ്രതിപക്ഷവും പ്രക്ഷോഭകരും ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തീർത്തും കഴമ്പുള്ളതാണ്. കോടിക്കണക്കിനു യഥാർഥ വോട്ടർമാർ പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. അതിനാൽ, ഇന്ത്യസഖ്യത്തിന്റെയുംമറ്റും ഹർജികളുടെ അടിസ്ഥാനത്തിൽ, എസ്.ഐ.ആർ.പ്രക്രിയ അസാധുവാക്കുന്നത് സുപ്രീംകോടതി ഗൗരവപൂർവം പരിഗണിക്കണം. പിഴവാർന്ന ഈ പ്രക്രിയയ്ക്കു സാരഥ്യംവഹിച്ച സി.ഇ.സി. ഗ്യാനേഷ്‌കുമാർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം. അല്ലെങ്കിൽ, ഇദ്ദേഹത്തെ നീക്കംചെയ്യുന്നതിനുള്ള പാർലമെന്ററി കുറ്റവിചാരണാനടപടിക്ക് കേന്ദ്രസർക്കാർ സന്നദ്ധമാകണം. ഇനി ഒട്ടും വൈകിക്കൂടാ.