ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ തങ്ങൾക്ക് എന്തുമാകാം എന്ന ഉന്മാദവും ശിക്ഷിക്കപ്പെടില്ലെന്ന ചിന്തയുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്

പ്രതിരോധിക്കാൻ ശേഷിയില്ലാത്തവനു നേരേയുള്ള ഏറ്റവും നഗ്നമായ പ്രകടനമായിരുന്നു അത്- അട്ടപ്പാടിയിലെ നിരാലംബനായ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിന്റെ അപ്പീലിലെ വിധിയിൽ ഹൈക്കോടതി ഇങ്ങനെ പരാമർശിച്ചിരുന്നു. ആ പരാമർശത്തിന് അഞ്ചുമാസം തികയുംമുൻപേ പാലക്കാട് മീനാക്ഷിപുരത്ത് വീണ്ടും അനാഥനായ ഒരു മനുഷ്യൻ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊലചെയ്യപ്പെട്ടിരിക്കുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന, ഊരും പേരുമറിയാത്ത ഒരു വ്യക്തിയാണ് ഇത്തവണത്തെ ഇര. ഡാം പരിസരത്ത് കഴിഞ്ഞദിവസം ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിലാണ് തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഏഴുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ഇയാളെ ഒരുസംഘം ആളുകൾ ഓടിക്കുന്നതായി തെളിവുകിട്ടിയത്. 40 വയസ്സുതോന്നിക്കുന്ന ഇയാൾ പരിസരവാസികൾക്ക്് ശല്യമായിരുന്നെന്നാണ് ആരോപണം.
കേരളമനസ്സാക്ഷിയെ ഉലച്ച മധുവിന്റെ കൊലപാതകവും പിന്നീട് വാളയാറിലെ രാം നാരായണന്റെ കൊലപാതകവും പോലെത്തന്നെ, സംശയത്തിന്റെയും അസഹിഷ്ണുതയുടെയും പേരിൽ ഒരുപറ്റമാളുകൾ ഒരു ജീവനെ ക്രൂരമായി വേട്ടയാടി ഇല്ലാതാക്കുകയായിരുന്നു. സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമാണ് ഇത്തരം ആൾക്കൂട്ട അക്രമങ്ങളുടെ ഇരകളാകുന്നത് എന്നത് ഈ വിപത്തിന്റെ ഗൗരവം കൂട്ടുന്നു. വിശപ്പുമാറ്റാൻപോലും വകയില്ലാത്തവർ.
2018 ഫെബ്രുവരി 22-നാണ് ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിലെ ആദിവാസിയുവാവായ മധുവിനെ ഒരുസംഘം ആളുകൾ വിചാരണചെയ്ത് മർദിച്ച് കൊലപ്പെടുത്തിയത്. കോടതിയിലെ വിചാരണാവേളയിൽ ഒട്ടേറെ സാക്ഷികൾ കൂറുമാറിയതും അന്വേഷണത്തിൽ ഉണ്ടായ തടസ്സങ്ങളും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും, കേരള ഹൈക്കോടതി ഈ കേസിൽ ചരിത്രപരമായ വിധി പ്രസ്താവിക്കുകയുണ്ടായി. വിചാരണക്കോടതി 12 പ്രതികൾക്ക് നൽകിയ ഏഴുവർഷം തടവുശിക്ഷ, കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത്് ജീവപര്യന്തം തടവായി ഉയർത്തിയതാണ് പ്രധാനം. ഒന്നാംപ്രതിയെ വെറുതേവിട്ടതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാൽ ഈ കേസ് അവസാനിച്ചിട്ടില്ല. 2025 ഡിസംബർ 17-നാണ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢുകാരനായ തൊഴിലാളി രാം നാരായണനെ മോഷ്ടാവെന്നുസംശയിച്ച്് ആൾക്കൂട്ടം മർദിച്ചുകൊന്നത്. ശരീരത്തിൽ എൺപതിലധികം മുറിവുണ്ടായിരുന്നു. കൊടുംദാരിദ്ര്യംകാരണം കുടുംബം പുലർത്താനാണ് രാം നാരായൺ കേരളത്തിലേക്ക് വന്നത്.
കുറ്റംചെയ്തെന്ന് ആരോപിക്കപ്പെട്ട ഒരാളെ മർദിക്കാനും അപമാനിക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റം തെളിയിക്കേണ്ടത് കോടതിയിലാണ്. ശിക്ഷ വിധിക്കേണ്ടതും കോടതിതന്നെ. ആൾക്കൂട്ടത്തിനെ നിയമം കൈയിലെടുക്കാൻ അനുവദിക്കുന്നത് വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന നിയമവാഴ്ചയെയും തകർക്കുന്നു. ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ തങ്ങൾക്ക് എന്തുമാകാം എന്ന ഉന്മാദവും ശിക്ഷിക്കപ്പെടില്ലെന്ന ചിന്തയുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. മുഖംനോക്കാതെയുള്ള നിയമനടപടികളാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടത്. ഇത്തരം കേസുകളിൽ അതിവേഗ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്തശിക്ഷതന്നെ ഉറപ്പാക്കണം.
അലഞ്ഞുതിരിയുന്നവർക്കും ഭവനരഹിതർക്കും അതിഥിത്തൊഴിലാളികൾക്കുംവേണ്ടി തദ്ദേശസ്ഥാപനതലത്തിൽ പുനരധിവാസവും ജാഗ്രതാ സംവിധാനവും ഒരുക്കണം. തെരുവിൽക്കഴിയുന്ന ഒരാളെ കണ്ടാൽ ഒരു ഹെൽപ്ലൈനിൽ ബന്ധപ്പെടാൻ കഴിയണം. ഇത്തരം വിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കാൻ പോലീസും ജാഗ്രതകാട്ടണം. ആൾക്കൂട്ട ആക്രമണത്തിൽ അടിക്കാനായി കൈയുയർത്തുന്നവർ മാത്രമല്ല, അതു കണ്ടുനിൽക്കുന്നവരും കണ്ടില്ലെന്നു നടിക്കുന്നവരുമെല്ലാം ആ കൃത്യത്തിന് കൂട്ടുത്തരവാദികളാണ്.
Published: 15 Oct 2026, 11:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented